ആറ്റുകാൽ ക്ഷേത്രത്തിലും പരിസരത്തും ഒക്കെയാണ് ഇത്തരം വിപണികൾ സജീവമാകുന്നത്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന നിരവധി ഭക്തരാണ് ക്ഷേത്രപരിസരത്ത് നിന്ന് മൺകലങ്ങൾ വാങ്ങുന്നത്. ഇനി ഇവിടെയെത്തി ആഴ്ചകൾക്കു മുൻപേ മൺകലങ്ങൾ വാങ്ങി മടങ്ങുന്ന തിരുവനന്തപുരം സ്വദേശികളും ഉണ്ട്.
മൺകലങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഒരിക്കൽ പൊങ്കാലയർപ്പിക്കാൻ ഉപയോഗിച്ച പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടില്ല എന്ന വിശ്വാസം കൊണ്ട് കൂടിയാണ്. നിലവിൽ 100, 150 രൂപ മുതൽ പലനിരക്കുകളിലാണ് പൊങ്കാല കലങ്ങൾ വിൽക്കുന്നത്. ഒരിക്കൽ ഉപയോഗിച്ച പൊങ്കാല കലങ്ങൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നതിനൊപ്പം ഈ കലങ്ങൾ പിന്നെ എന്തു ചെയ്യും എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഈ കലങ്ങളിൽ തുളസിച്ചെടി നട്ടുവളർത്തണമെന്ന് പറയപ്പെടുന്നു.
advertisement
ഇനി മൺകലങ്ങളിൽ പൊങ്കാലയിടുന്നതിന് ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്. പലരും പലവിധ ആഗ്രഹസഫലീകരണങ്ങൾക്കാകും പൊങ്കാല സമർപ്പിക്കുന്നത്. ഇതിൻ്റെയൊക്കെ ഫലം എപ്രകാരമാകും എന്ന് അറിയാനുള്ള ചില സൂചനകളും പൊങ്കാല അർപ്പിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പൊങ്കാല കിഴക്ക് വശത്തോട്ട് തിളച്ചു തൂകിയാൽ നിങ്ങൾ എന്ത് ആഗ്രഹത്തിനാണോ പൊങ്കാലയർപ്പിക്കുന്നത് അത് സാധിക്കുമെന്നാണ് വിശ്വാസം. വടക്കോട്ട് തൂകിയാൽ കാര്യങ്ങൾ നടക്കാൻ അല്പം പ്രയാസം നേരിടും. തെക്കും പടിഞ്ഞാറുമാണ് പൊങ്കാല തിളച്ചു തൂകുന്നതെങ്കിൽ ആഗ്രസഫലീകരണത്തിന് തടസ്സം നേരിടും എന്നാണ് വിശ്വാസം.
