പണം ചോദിച്ച് വീട്ടിലെത്തുവരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണ്, രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി. ആളുകളെ സഹായിക്കാന്‍ മനസ്സുണ്ട്, എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് പണം ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും അനൂപ് പറയുന്നു. മാധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമായതുകാരണം ഇപ്പോള്‍ ഒരിടത്തും പോകാന്‍ കഴിയുന്നില്ല. വീടിന് പുറത്ത് ഗേറ്റിന് മുന്നില്‍ വന്ന് ആളുകള്‍ തട്ടുകയാണെന്നും അനൂപ് പറയുന്നു.
advertisement
ആളുകള്‍ പിന്തുടരുന്നത് കാരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലാണ് ഇപ്പോള്‍ താമസം, മകന് അസുഖമായിട്ടും ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ കഴിയുന്നില്ല. എവിടെ പോയി താമസിച്ചാലും അവിടെയെല്ലാം ആളുകള്‍ തിരഞ്ഞുവരുന്നു.സ്‌നേഹമുണ്ടായിരുന്ന അയല്‍ക്കാര്‍ പോലും ഇപ്പോള്‍ ഈ ആള്‍ക്കൂട്ടം കൊണ്ട് പൊറുതിമുട്ടി. അവര്‍ പോലും ശത്രുക്കളാകുകയാണ്. റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ് പറഞ്ഞു.
എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ എത്തും. എല്ലാവരോടും പറയാനുള്ളത് എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നതാണ്. ഒന്നാം സമ്മാനത്തിന് പകരം മൂന്നാം സമ്മാനമോ മറ്റോ ലഭിച്ചാല്‍ മതിയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഇത്രത്തോളം ആയി മാറും അവസ്ഥയെന്ന് അറിയില്ലായിരുന്നു. പണം കിട്ടിയാലും ടാക്‌സ് സംബന്ധിച്ച ഒരു കാര്യവും അറിയില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പണം ഉപയോഗിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുവെന്നും അനൂപ് പറഞ്ഞു.