കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നിരാഹാര സമരം നടത്തി. വാളയാറില്‍ പീഡനത്തെത്തുടര്‍ന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത കേസില്‍ പുനരന്വേഷണം വേണമെന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച്ച സംഭവിച്ചതായി ഇതിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ തന്നെ കണ്ടെത്തിയിരുന്നു.
എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജന് ഐപിഎസ് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് നീതി നിഷേധത്തിന് തുല്യമാണെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. പീഡനക്കേസുകള്‍ അട്ടിമറിയ്ക്കാന്‍ കഴിയുന്നതെല്ലാം പൊലീസ് ചെയ്യുന്നതായി ജസ്റ്റിസ് കെമാല്‍ പാഷ കുറ്റപ്പെടുത്തി.
advertisement
അന്വേഷണ ഉദ്യോഗസ്ഥനായ സോജന് സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടുള്ള ഉത്തരവ് എറണാകുളം ബോട്ട് ജെട്ടിയ്ക്ക് സമീപമുള്ള ഓഫീസിന് മുന്നില്‍ കത്തിച്ചു. ജസ്റ്റിസ് ഫോര്‍ വാളയാര്‍ ചില്‍ഡ്രന്‍സിന്റെ നേതൃത്വത്തിലാണ് എറണാകുളത്ത് സത്യഗ്രഹം സംഘടിപ്പിച്ചത്. വാളയാറില്‍ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുതിര്‍ന്ന കുട്ടിയുടെ ജന്മദിനത്തിലായിരുന്നു മാതാപിതാക്കളുടെ സത്യഗ്രഹ സമരം.
