ജനുവരി 1 മുതല്‍ ജൂണ്‍ 28 വരെ സംസ്ഥാനത്ത് 3409 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2022ല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1472 മാത്രമായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം പനി ബാധിച്ച് മരിച്ചത് 45 പേരാണ്. അതില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേര്‍ക്കാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2021ല്‍ 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 2022ല്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 24ആയിരുന്നു.
അതേസമയം, ഈ വര്‍ഷം സ്‌ക്രബ് ടൈഫസ്, വെസ്റ്റ് നൈല്‍ എന്നീ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 241 പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. 2022 ല്‍ 180 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2021 ല്‍ 136 പേര്‍ക്ക് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചിരുന്നു.
advertisement
വെസ്റ്റ്‌നൈല്‍ ബാധിച്ചവരുടെ എണ്ണത്തിലും ഈ വര്‍ഷം ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. 12 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്തെ മലേറിയ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ വര്‍ഷം 143 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ ചിക്കന്‍ ഗുനിയ, സിക രോഗവ്യാപനം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് പകര്‍ച്ചാവ്യാധികള്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. മൺസൂൺ ആരംഭിച്ച് ദിവസങ്ങള്‍ക്കിപ്പുറമായിരുന്നു യോഗം വിളിച്ച് ചേര്‍ത്തത്. രോഗങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് യോഗത്തില്‍ തീരുമാനമായിരുന്നു. കൂടാതെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ പറഞ്ഞിരുന്നു.
ഈഡിസ് ഈജിപ്‌റ്റെ കൊതുകുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Summary: Three fold rise in the number of dengue cases in Kerala as compared to the figures in 2022