പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്തായ വളളംകുളം സർക്കാർ യു. പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഗോപിനാഥ കുറിപ്പ് (65) ആണ് രാവിലെ മരിച്ചത്. കോട്ടയം എസ്. എച്ച് മൗണ്ടിലെ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ നട്ടാശേരി സ്വദേശിനി അന്നമ്മ ദേവസ്യയാണ് മരിച്ച രണ്ടാമത്തെ വോട്ടര്‍.
അതിനിടെ കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി ഉയർന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.
advertisement
തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ബിജെപി പ്രവര്‍ത്തകന്റെ തലയ്ക്കാണ് പരിക്ക്. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ബൂത്തും തല്ലിതകര്‍ത്തു. ബൂത്ത് ഓഫീസിൽ സ്ലിപ്പ് എഴുതാൻ ഇരുന്ന പെൺകുട്ടി അടക്കം നാലുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ബിജു കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അനാമികയുടെ കൈ കത്തികൊണ്ട് കുത്തി കീറിയെന്നും ജ്യോതിയെ കസേര കൊണ്ട് മാരകമായി മർദ്ദിച്ചുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
ബൂത്ത് ഓഫീസിൽ പ്രവർത്തകർ ഇരിക്കെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ നിരവധി തവണ പോലീസിന് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ഇന്നലെ രാത്രിയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് അക്രമം ആരംഭിച്ചപ്പോൾ തന്നെ സമീപത്തുള്ള പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു.