‘ധന്യാത്മൻ, പുണ്യശ്ലോകനായ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യംചാർത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല’ ‘ആ രാജകൽപ്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോൾ…’ എന്നു തുടങ്ങുന്നതാണ് നോട്ടീസിലെ വാചകങ്ങള്‍. പരിപാടിയില്‍ ഭദ്രദീപം തെളിയിക്കാന്‍ ക്ഷണിച്ചിരിക്കുന്ന പൂയംതിരുനാൾ ഗൗരീപാർവതിബായി തമ്പുരാട്ടി, അശ്വതി തിരുനാൾ ഗൗരിബായി തമ്പുരാട്ടി എന്നിവരെ തിരുവിതാംകൂർ രാജ്ഞിമാരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നോട്ടീസ് പിൻവലിച്ചെങ്കിലും ചടങ്ങ് നടക്കുമെന്നും അതിൽ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റെ കെ. അനന്തഗോപൻ പറഞ്ഞു.
advertisement
സാമൂഹികമാധ്യമങ്ങളിലും സിപിഎമ്മിലും നോട്ടീസിനെതിരെ കടുത്ത വിമർശനമുയർന്നതോടെ നോട്ടീസ് പിൻവലിക്കാൻ പ്രസിഡന്റ് കെ. അനന്തഗോപൻ ആവശ്യപ്പെടുകയായിരുന്നു. നോട്ടീസിറക്കിയ സാംസ്കാരിക-പുരാവസ്തു വകുപ്പ് ഡയറക്ടർ ബി. മധുസൂദനൻനായരോട് വിശദീകരണം തേടിയെന്നും മറുപടി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടീസ് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. നോട്ടീസിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയില്ല. മനസ്സിൽ അടിഞ്ഞുകിടക്കുന്ന ജാതിചിന്ത ഇടയ്ക്ക് ചിലരുടെ ഉള്ളിൽനിന്ന് തികട്ടിവരും. വലിയ പോരാട്ടങ്ങളിലൂടെ നേടിയതാണ് പല അവകാശങ്ങളെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നന്ദന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ചിത്തിര തിരുനാളിന്‍റെ പ്രതിമയും പാര്‍ക്കും നവീകരിച്ചിരുന്നു. ഇതിന്‍റെ സമര്‍പ്പണം തിങ്കളാഴ്ച രാവിലെ 9.30നാണ് നിശ്ചയിച്ചിട്ടുള്ളത്.
