2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.
തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖ്വായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐ.എച്ച്.എച്ച് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.
advertisement
ഇസ്ലാമിക സാമ്രാജ്യം സ്വപ്നം കാണുന്ന എര്‍ദോഗാനുമായുള്ള ബന്ധം അപകടകരമാണെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. "തുര്‍ക്കി കേന്ദ്രമായി പഴയ ഓട്ടോമന്‍ സാമ്രാജ്യം പുനസ്ഥാപിക്കുകയാണ് എര്‍ദോഗാന്റെ ലക്ഷ്യം. അതിന് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിക്കുകയാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ അപകടകരമായ ആശയങ്ങളാണ് എര്‍ദോഗാനെ നയിക്കുന്നത്. മത ദേശീയതയിലൂന്നിയ രാഷ്ട്രമാണ് അവരുടെ സ്വപ്നം. ബ്രദര്‍ഹുഡ് ഭീകരസംഘടനയാണെന്ന് അടുത്തിടെയാണ് സൗദി പണ്ഡിത സഭ പ്രഖ്യാപിച്ചത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം ആശയ ലോകമൊരുക്കുന്നത് ബ്രദര്‍ ഹുഡാണ്. ഇന്ത്യ പോലുള്ള രാജ്യത്ത ഇത് അപകടകരമാണ്"- കെന്‍.എം നേതാവ് മജീദ് സ്വലാഹി ന്യൂസ് 18നോടു പറഞ്ഞു.
അതേസമയം ഐ.എച്ച്.എച്ച് ഒരു സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയെ വിവാദമാക്കുന്നത് എര്‍ദോഗാന്‍ വിരുദ്ധ രാഷ്ട്രീയ ചേരിയാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. തുര്‍ക്കി സന്ദര്‍ശന വേളയില്‍ അവിടത്തെ ജീവകാരുണ്യ സംഘടനയുടെ ഓഫീസ് സന്ദര്‍ശിക്കുകയാണ് ചെയ്തതെന്ന് കൂടിക്കാഴ്ച നടത്തിയവരിലൊരാളായ ഇ.എം അബ്ദുറഹ്മാന്‍ ന്യൂസ് 18 നോടു പറഞ്ഞു.
"കൂടിക്കാഴ്ച അനാവശ്യ വിവാദമാക്കുകയാണ്. തുര്‍ക്കിയിലെ ഏഷ്യാ മിഡില്‍ ഈസ്റ്റ് ഫോറം വിളിച്ചു ചേര്‍ത്ത ഫലസ്തീന്‍ കോണ്‍ഫന്‍സില്‍ പങ്കെടുക്കാനാണ് തുര്‍ക്കിയില്‍ പോയത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ സമ്മേളന ഐ.എച്ച്.എച്ച് പ്രതിനിധികള്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയാണ് ചെയ്തത്. നടന്നത് സുഹൃദ് സന്ദര്‍ശനം മാത്രമാണ്. ഈ സംഘടനയെ ഭീകര മുദ്രചാര്‍ത്തി നിരോധിച്ചത് ഇസ്രായേലാണ്. ഗസയിലെ പോരാളികളെ ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇസ്രായേല്‍ ഭീകര സംഘടനയാക്കി ചിത്രീകരിച്ചത്. നോഡിക് മോണിറ്റര്‍ എന്ന പേരില്‍ നോര്‍വെയിലെ ഒരു ന്യൂസ് പോര്‍ട്ടലിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. ഇന്ത്യലില്‍ ഇത് ഏറ്റുപിടിക്കുന്നത് ആര്‍.എസ്.എസാണ്" - പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍ വിശദീകരിച്ചു.
ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനെ കഴിഞ്ഞ ദിവസം സൗദി അറേബ്യ ഭീകരസംഘടനയാണെന്ന് കണ്ടെത്തി നിരോധിച്ചിരുന്നു. ബ്രദര്‍ഹുഡ് ആശയം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നേതാവാണ് എര്‍ദോഗാന്‍. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി എര്‍ദോഗാന് ബന്ധമാണ്.