‘‘വൈദ്യരത്നത്തിന്റെ ഷോപ്പിൽനിന്ന് അടിയന്തരമായി ബ്രഹ്മീഘൃതം വാങ്ങിനൽകണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇവിടെനിന്ന് ഒരു ബ്രഹ്മീഘൃതം വാങ്ങി അടിയന്തരമായി ഗോവിന്ദൻ മാസ്റ്റർക്ക് എത്തിക്കണം. ഓര്‍മക്കുറവിന് നല്ലതാണ് ബ്രഹ്മീഘൃതം. മിനിയാന്ന് അദ്ദേഹം കേരളത്തിൽനിന്ന് പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തിയപ്പോൾ അതൊന്നും ഓർമയില്ല. ഇത്തരത്തിലുള്ള അവസരവാദ നാടകം അവസാനിപ്പിക്കണം”- വി മുരളീധരൻ പറഞ്ഞു.
advertisement
ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തും. ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്ന് പറഞ്ഞ വി മുരളീധരൻ, സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
