TRENDING:

നവകേരള സദസിന് ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേട്; മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് ക്രിമിനലുകള്‍: പ്രതിപക്ഷ നേതാവ്

Last Updated:

വടകരയില്‍ ഒരു സംഘര്‍ഷവും ഇല്ലാതെയാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തത്. പൊലീസ് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവകേരള സദസെന്ന അശ്ലീല കെട്ടുകാഴ്ചയുടെ പേരില്‍ മുഖ്യമന്ത്രിയെത്തുന്ന ജില്ലകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ വ്യാപകമായി കരുതല്‍ തടങ്കലിലാക്കുകയും പൊലീസും സി.പി.എം പ്രവര്‍ത്തകരും ആക്രമിക്കുകയും ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ്. കണ്ണൂരിലുണ്ടായ ആക്രമണത്തെ ന്യായീകരിക്കുകയും അത് ഇനിയും തുടരണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നിയമം കയ്യിലെടുക്കാന്‍ സി.പി.എം ക്രിമിനലുകള്‍ക്കും പൊലീസിനും പ്രചോദനമാകുന്നത് എന്ന് വി.ഡി. സതീശൻ ആരോപിച്ചു.
വി.ഡി. സതീശൻ
വി.ഡി. സതീശൻ
advertisement

വടകരയില്‍ ഒരു സംഘര്‍ഷവും ഇല്ലാതെയാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തത്. പൊലീസ് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ചതിന് ശേഷമാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്. അവരെ കൊണ്ടുവരാന്‍ പോയ യു.ഡി.എഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം മാരാകായുധങ്ങളുമായി ആക്രമിച്ചു. കാര്‍ അടിച്ചു തകര്‍ത്തു. വാഹനം എസ്.പി ഓഫീസിലേക്ക് കയറ്റിയതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഇതില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ ഡെപ്യൂട്ടി കമ്മിഷണര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അമേരിക്കയിലെ മിനെപോളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസുകാരന്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് ഫ്ലോയിഡ് അവസാനമായി പറഞ്ഞ വാക്കുകള്‍. ഡെപ്യൂട്ടി കമ്മിഷണര്‍ കഴുത്ത് ഞെരിക്കുമ്പോള്‍ ജോയല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞതും എനിക്ക് ശ്വാസം മുട്ടുന്നുവെന്നാണ് അമേരിക്കയിലെ മിനെപോളിസില്‍ നിന്നും കോഴിക്കോടേക്കുള്ള ദൂരം അധികം ഇല്ലെന്ന് ബോധ്യപ്പെടുത്തിയ ക്രൂരമായ സംഭവമാണ്.

advertisement

പടനിലത്ത് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാരും സി.പി.എമ്മുകാരും ചേര്‍ന്ന് ആക്രമിച്ചു. ഹെല്‍മെറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലും ആക്രമിച്ചു. മുഖ്യമന്ത്രിയുടെ മുന്നില്‍ പോകുന്ന സുരക്ഷാ ഭടന്‍മാരുടെ വാഹനത്തില്‍ മാരകായുധങ്ങളാണ്. ആ മാരകായുധങ്ങളാണ് റോഡ് വക്കത്ത് നില്‍ക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ വീശുന്നത്.

മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് ക്രിമിനലുകള്‍ ആണോയെന്ന് വ്യക്തമാക്കണം. ഒരു പ്രകോപനവും ഇല്ലാതെ കെ.എസ്.യു. പ്രവര്‍ത്തക നസിയയുടെ മുഖത്തടിച്ച് മൂക്കിന്റെ പാലം തകര്‍ത്ത പൊലീസുകാരനെതിരെ ഒരു നടപടിയും എടുത്തില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉദ്യോഗസ്ഥര്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയില്‍ ഇടിച്ചത്. ഇതിലും നടപടിയില്ല. ഇതിനൊക്കെ പിന്നാലെയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കാലം നിങ്ങളോടും കണക്ക് ചോദിക്കുമെന്നാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പൊലീസുകാരെ ഓര്‍മ്മപ്പെടുത്താനുള്ളത്.

advertisement

രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായാണ് കുറെ ക്രിമിനലുകളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. എല്ലാവരെയും കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി വിജയന്‍ രാജാവാണോ? ഫറോക്കില്‍ നിന്നും ശബരിമലയ്ക്ക് പോകാന്‍ നിന്നവരെ പോലും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പോകുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച ശബരിമല ഭക്തര്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ കലിയിളകും. എല്ലാവരെയും കരുതല്‍ തടങ്കലിലാക്കുന്നത് തെറ്റായ രീതിയാണ്. ഇതില്‍ നിന്നും പിന്മാറണം.

പ്രദേശികമായി പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന ചിലരാണ് നവകേരള സദസില്‍ പങ്കെടുക്കുന്നത്. അല്ലാതെ പ്രധാനപ്പെട്ട ആരും പങ്കെടുത്തിട്ടില്ല. അങ്ങനെ ആരും പങ്കെടുക്കുകയുമില്ല. പങ്കെടുക്കേണ്ടെന്നത് രാഷ്ട്രീയ തീരുമാനമാണ്. ഈ അശ്ലീല നാടകത്തിന് പ്രതിപക്ഷം പോയിരുന്നെങ്കില്‍ നിങ്ങള്‍ തന്നെ ഞങ്ങളെ പരിഹസിച്ചേനെ. 44 ദിവസം തിരുവനന്തപുരത്ത് നിന്ന് മാറി നില്‍ക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. നവകേരള സദസ് കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ തലസ്ഥാനനഗരിയില്‍ ഒന്നും ബാക്കിയുണ്ടാകില്ല. എല്ലാ നശിപ്പിച്ചു. എല്ലാ വകുപ്പുകളും തകര്‍ത്തു. നികുതി പരിവിന്റെ സ്ഥിതിയെ കുറിച്ച് അറിയാതെയാണ് ധനമന്ത്രി നവകേരള സദസിനൊപ്പം യാത്ര ചെയ്യുന്നത്.

advertisement

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും നവകേരള സദസിന് വേണ്ടി സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നുണ്ട്. ബൂത്ത് ലവല്‍ ഓഫീസര്‍മാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുകയാണ്. 25, 26 തീയതികളില്‍ വോട്ട് ചേര്‍ക്കാന്‍ ബി.എല്‍.ഒമാര്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പലരും എത്തിയില്ല. ബി.എല്‍.ഒമാരെ നിര്‍ബന്ധിതമായി സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബി.എല്‍.ഒമാര്‍ സര്‍ക്കാരിന്റെ ഏജന്റുമാരല്ല. എന്നിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഭരണത്തെ ദുരുപയോഗം ചെയ്യുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത്. എന്നിട്ടാണ് പറവൂരില്‍ കാണമെന്ന് മുഖ്യമന്ത്രി എന്നെ വെല്ലുവിളിക്കുന്നത്. ഭീഷണിപ്പെടുത്തി പാവങ്ങളെ എത്തിച്ച് ഇതാണ് ജനപിന്തുണയെന്ന് പറയാന്‍ ഈ മുഖ്യമന്ത്രിക്ക് മാത്രമെ സാധിക്കൂ. ഇതൊന്നും ഇല്ലാതെ ഒന്ന് വന്നു നോക്ക്. അപ്പോള്‍ എത്ര പേര്‍ കാണുമെന്ന് നോക്കാം. ജനങ്ങളെ ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്.

advertisement

ഒരു മാസത്തിനിടെ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നല്‍കിയിട്ടില്ല. എന്നിട്ടാണ് നാണമില്ലാതെ പ്രസംഗിക്കുന്നത്. 50000 ടണ്‍ നെല്ല് നാളികേരം സംഭരിക്കാന്‍ കേന്ദ്ര അനുമതി നല്‍കിയിട്ടും ഇതുവരെ സംഭരിച്ചത് 800 ടണ്‍ മാത്രമാണ്. തമിഴ്‌നാട് 50000 ടണ്‍ സംഭരിച്ചതിനെ തുടര്‍ന്ന് 35000 ടണ്‍ കൂടി സംഭരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കര്‍ഷകരോടുള്ള സംസ്ഥാന സമീപനം ഇക്കാര്യത്തില്‍ വ്യക്തമാണ്. സമൂഹിക സുരക്ഷാ പെന്‍ഷനില്‍ 10 ശതമാനം മാത്രമാണ് കേന്ദ്രം തരുന്നത്. എന്നിട്ടും കേന്ദ്ര തരാത്തത് കൊണ്ട് മുടങ്ങിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ കയ്യില്‍ ഇരുപ്പ് കൊണ്ടാണ് പെന്‍ഷന്‍ മുടങ്ങിയത്. ഇതെല്ലാം മറച്ചു വച്ച് കൊണ്ടാണ് മുഖ്യമന്ത്രിയും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെയാണ് ഡിസംബര്‍ രണ്ട് മുതല്‍ യു.ഡി.എഫ് വിചാരണ സദസുകള്‍ സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യും.

കുസാറ്റില്‍ അപകടമുണ്ടായിട്ടും മുഖ്യമന്ത്രിയും സംഘവും യാത്ര തുടര്‍ന്നത് അവരുടെ ഔചിത്യത്തിന്റെ പ്രശ്മാണ്. ആഘോഷങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. അപകടത്തെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണം. ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ പറ്റിയ സ്ഥലത്താണോ പരിപാടി നടത്തിയതെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷിക്കണം. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രളയം, കോവിഡ് മഹാമാരി കാലങ്ങളില്‍ നിര്‍ബന്ധിത പിരവ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം എന്തിന് വേണ്ടിയാണ് വിനിയോഗിച്ചതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വകമാറ്റിയിട്ടുണ്ടെങ്കില്‍ ഗുരുതര കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസിന് ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേട്; മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് ക്രിമിനലുകള്‍: പ്രതിപക്ഷ നേതാവ്
Open in App
Home
Video
Impact Shorts
Web Stories