തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് സുധാകരൻ ദീപ ദാസ് മുൻഷിയെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയിൽ എഐസിസി ജനറൽ സെക്രട്ടറിയും കടുത്ത അതൃപ്തിയിലാണ്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കിയത്. അധ്യക്ഷസ്ഥാനത്ത് തുടരാൻ കെ സുധാകരൻ അയോഗ്യനാണെന്ന് വി ഡി സതീശൻ നേതൃത്വത്തെ അറിയിച്ചു.
advertisement
അതേസമയം കെപിസിസി അധ്യക്ഷനെ വിശ്വാസത്തിൽ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കി.
പ്രതിപക്ഷ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കെ സുധാകരൻ ദീപ ദാസ് മുൻഷിയെ അറിയിച്ചു.സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാൽ സാമുദായിക സമവാക്യങ്ങളിൽ വിള്ളൽ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട് .
അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താൻ ആന്റോ ആന്റണിയും നീക്കം സജീവമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം എന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും അവകാശവാദം ഉന്നയിച്ചു.
അതേസമയം തിരുവനന്തപുരം നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ചതിനു ശേഷം അക്കാര്യം പരിഗണിക്കാം എന്നായിരുന്നു എഐസിസി പ്രതിനിധികളുടെ മറുപടി. വി എസ് ശിവകുമാർ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കളും അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. നേതൃത്വത്തിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായഭിന്നതകളിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും കടുത്ത അതൃപ്ത്തിയിൽ ആണെന്നാണ് വിവരം.