അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.
പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർക്കായി പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിൽ ഒന്നിച്ചു ഖബറുകൾ ഒരുങ്ങി. അഫ്സാന്റെ മൃതദേഹം പേരുമലയിലേക്കാണ് പൊതു ദർശനത്തിനായി എത്തിച്ചത്. 13 കാരനെ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് അവിടെ എത്തിയത്.
advertisement
Also Read- വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ അടിച്ചത് 13 തവണ
പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേ മൃതദേഹം കൊണ്ടുവന്നത്. ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ എസ് എൻ പുരം ചുള്ളാളത്തെ വീട്ടിലേക്കും കൊണ്ട് വന്നു. പൊതുദർശനത്തിന് ശേഷം ഒന്നിച്ചു പാങ്ങോട്ട് ജുമാ മസ്ജിദിൽ എത്തിച്ചു.
എന്നും കേട്ടുണരാറുള്ള പാങ്ങോട്ട് ജുമാ മസ്ജിദിലെ ബാങ്കുവിളി അവസാനമായി കേട്ട് സൽമാ ബീവിയുടെ മൃതദേഹം ആദ്യം ഖബറടക്കി. പിന്നാലെ മകനും മകന്റെ ഭാര്യയും പേരമകനും ഉൾപ്പടെ ആ കുടുംബത്തിലെ 4 പേരെയും സംസ്കരിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്.