എ ഐ ക്യാമറ ഇടപാടുമായി ബന്ധുപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 232 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ പദ്ധതി കെല്‍ട്രോണ്‍ വഴി വാങ്ങിയതിലും നടപ്പാക്കിയതിലും അഴിമതി, സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട് തുടങ്ങി ആറിലധികം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. മെയ് മാസത്തില്‍ ലഭിച്ച പരാതിയില്‍ ആ മാസം തന്നെ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
advertisement
അഴിമതി നിരോധന നിയമം 17 എ വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി അന്വേഷണം നടക്കുന്നതിനിടെയാണ് ആരോപണവുമായി പ്രതിപക്ഷം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സർക്കാർ വാദം. അതേസമയം, വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ, വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ ആരോപണ വിധേയമായ പദ്ധതി ഉദ്ഘാടനം ചെയ്തതിലെ സാംഗത്യവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
ഇതിനിടെ, എ ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരുവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.