കോൺഗ്രസ് കുത്തകയായും പൊന്നാപുരം കോട്ടയായും ഒക്കെ നില നിർത്തിയിരുന്ന നിലമ്പൂർ മണ്ഡലം പഴയ കോൺഗ്രസ് നേതാവായ പി വി അൻവർ ഇടത് സ്വതന്ത്രനായി വന്ന് പിടിച്ചെടുത്തപ്പോൾ ഇളകിയത് കോൺഗ്രസിന്റെ അടിവേരു മാത്രം അല്ല, ആര്യാടൻ കുടുംബത്തിന്റെ അധീശത്വം കൂടി ആണ്. അൻവറിന്റെ ജയം ചെറുതല്ല.
11504 എന്ന ഭീമമായ ഭൂരിപക്ഷം ആണ് അദ്ദേഹം നേടിയത്. 1987 മുതൽ 2016 വരെ ആര്യാടൻ മുഹമ്മദ് കുത്തക ആക്കി വച്ച് ജയിച്ച സീറ്റ് ആണ് ആര്യാടൻ ഷൗക്കത്തിലൂടെ കൈവിട്ടത് ആര്യാടൻ കുടുംബ വാഴ്ചക്ക് എതിരെ ഉള്ള മറുപടി കൂടി ആയാണ് ജനവിധിയെ വിലയിരുത്തിയത്.
advertisement
You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
അഞ്ചു വർഷങ്ങൾക്ക് ഇപ്പുറം പി വി അൻവർ നിലമ്പൂർ നഗരസഭ കൂടി ഇടതുപക്ഷത്തിന്റെ കയ്യിൽ എത്തിച്ച ആത്മവിശ്വാസത്തോടെ ആണ് മൽസരത്തിന് ഒരുങ്ങുന്നത്. മറുവശത്ത് കോൺഗ്രസിന് മുൻപിൽ പ്രതിസന്ധികൾ നിരവധി ആണ്. വി വി പ്രകാശിന് കഴിഞ്ഞതവണ അവസാന നിമിഷം ആണ് നിലമ്പൂരിലെ സ്ഥാനാർഥിത്തം നഷ്ടമായത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇത്തവണ നിലമ്പൂരിൽ അവസരം നൽകണം എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഏറെ ഭിന്നാഭിപ്രായം ഇല്ല. ആര്യാടൻ ഷൗക്കത്തും അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട് എങ്കിലും വി വി പ്രകാശിന് തന്നെയാണ് സാധ്യത കൂടുതൽ. പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യവുമായി ഷൗക്കത്തിന് തവനൂർ സീറ്റ് നൽകി സമാവയതിന് ഉള്ള ശ്രമങ്ങളും ഊർജിതമാണ്.
തവനൂർ എ ഗ്രൂപ്പിന്റെ സീറ്റ് ആണ് എന്നതും കെ ടി ജലീലിനെതിരെ അതെ മതവിഭാഗത്തിൽ നിന്നും സ്ഥാനാർഥി വേണം എന്ന അഭിപ്രായവും ഷൗക്കത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഷൗക്കത്ത് തവനൂരിൽ മത്സരിച്ചാൽ വി വി പ്രകാശിന് നിലമ്പൂരിൽ കോൺഗ്രസിന് ഉള്ളിൽ നിന്ന് അടിയൊഴുക്ക് ഉണ്ടാകില്ല എന്നും പ്രതീക്ഷിക്കാം. മികച്ച പ്രതിച്ഛായ ഉള്ള വി വി പ്രകാശ് പിവി അൻവറിനെതിരെ മത്സരിക്കുമ്പോൾ നിഷ്പക്ഷ വോട്ടുകളും ലഭിക്കും എന്നും യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് എൽ ഡി എഫ് നേട്ടം ഉണ്ടാക്കി എങ്കിലും നിയോജക മണ്ഡലത്തിലെ ആകെ വോട്ട് കണക്കിൽ യു ഡി എഫ് ആണ് മുൻപിൽ. അഞ്ചു പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും വോട്ട് കണക്കിൽ യു ഡി എഫ് 784 വോട്ടിനാണ് മുമ്പിൽ. വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു ഡി എഫിന് നഷ്ടമായി എങ്കിലും വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര പഞ്ചായത്തുകളിൽ യു ഡി എഫ് ഭരണം ആണ്.
ഇതിൽ വഴിക്കടവും മൂത്തേടവും കരുളായിയും എൽ ഡി എഫിൽ നിന്നും പിടിച്ചെടുത്തത് ആണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ചുങ്കത്തറ യു ഡി എഫ് നേടിയത് നറുക്കെടുപ്പിലൂടെ. നിലമ്പൂർ നഗരസഭക്ക് പുറമെ പോത്തുകല്ല് പഞ്ചായത്ത് കൂടി പിടിച്ചെടുത്ത എൽഡിഎഫ് അമരമ്പലത്ത് ഭരണം നില നിർത്തി. ഈ കണക്കുകൾ എല്ലാം യു ഡി എഫിന് ആത്മവിശ്വാസം നൽകുന്നത് തന്നെ ആണ്. മികച്ച സ്ഥാനാർഥി വരികയും യു ഡി എഫ് ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ നിലമ്പൂർ തിരിച്ച് പിടിക്കാൻ സാധിക്കും എന്ന് ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ് കരുതുന്നത്.