അജ്മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് ഇസിൻ. പന്ത്രണ്ടോളം സൂപ്പർ പരസ്യചിത്രങ്ങളിലാണ് ഇസിൻ ഇതിനോടകം അഭിനയിച്ചത്. വാർണർ ബ്രദേഴ്സ്, ലിവർപൂൾ, ഡിയു, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഐകിയ, സെന്റർ പോയിന്റ്, ഹോം സെന്റർ, ജാഗ്വർ വേൾഡ്, നിസാൻ, ടോട്ടൽ, പീഡീയഷുവർ, റെഡ് ടാഗ് എന്നിങ്ങനെ പ്രശസ്ത ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലാണ് ഇസാൻ അഭിനയിച്ചത്.
ഇതുകൂടാതെ ദുബായ് ടൂറിസം, അബുദാബി ഗവൺമെന്റ്, ദുബായ് സമ്മർ സർപ്രൈസസ് എന്നിവയുടെ പ്രമോഷണൽ പരസ്യങ്ങളിലും ഇസിനുണ്ട്. ദുബായിൽ ചിത്രീകരിച്ച സൗദി ഊർജ സംരക്ഷണ പരസ്യത്തിലും സൗദി ബാലനായി ഇസിൻ പ്രത്യക്ഷപ്പെട്ടു. പരമ്പരാഗത വേഷം ധരിച്ചാൽ അറബികുട്ടിയല്ലെന്ന് ആരും പറയില്ല. ഇതുതന്നെയാണ് ഇസിനെ യു.എ.ഇയിലുള്ളവർക്ക് പ്രിയങ്കരനാക്കിയത്.
നിലമ്പൂര്‍ മൂത്തേടം സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് ഇസിന്‍. വിഷ്വൽ മീഡിയ രംഗത്താണ് പിതാവ് ഹാഷ് ജവാദ്. രണ്ടാം വയസിൽ പിതാവ് സോഷ്യൽമീഡിയയിൽ പങ്കുവച്ച ഇസിന്റെ ചിത്രങ്ങളാണ് പരസ്യചിത്രങ്ങളിലേക്ക് വാതിൽ തുറന്നത്. ഐഫോണിനായി പിതാവിനോട് കരയുന്ന ഇസിന്റെ വീഡിയോ വൈറലായിരുന്നു.
ഇംഗ്ലിഷ് ഫുട്ബോളിന്‍റെ നായകനായിരുന്ന സാക്ഷാല്‍ സ്റ്റീവന്‍ ജെറാല്‍ഡിനെ ഇസിന്‍ ഹാഷ് അഭിമുഖം നടത്തിയത് വലിയ വാർത്തയായിരുന്നു. ലിവര്‍പൂളിന്റെ ഫാന്‍സ് ക്ലബായ എല്‍എഫ്സി വേള്‍ഡിന്റെ പ്രചാരണാർത്ഥം ദുബായില്‍ എത്തിയപ്പോഴാണ് ഇതിഹാസതാരം ഇസിന്‍റെ മുന്നില്‍ അച്ചടക്കമുള്ള കുട്ടിയായി ഇരുന്നത്. ലോകരാജ്യങ്ങളില്‍ നിന്നുള്ള അന്‍പതോളം കുട്ടികളെ പിന്നിലാക്കിയാണ് ജെറാല്‍ഡിനെ അഭിമുഖം ചെയ്യാനുള്ള അവസരം ഇസിന്‍ നേടിയെടുത്തത് എന്നുകൂടി അറിയുമ്പോള്‍ കയ്യടിക്കാന്‍ മടികാട്ടരുത്.
