മന്ത്രിയുടെ വാളകത്തെ കുടുംബ വീട്ടിൽ അനുചിതമായ കാര്യങ്ങൾ നേരിൽ കണ്ടതായി ബിന്ദു ആരോപിച്ചിരുന്നു. എന്നാൽ കേസിന് പോവില്ലെന്ന് ബിന്ദു പറയുന്നു.
എന്തു കൊണ്ട് കേസിന് പോവില്ല?
ബൈബിളിലെ വിശ്വാസമനുസരിച്ച് വിശ്വാസികൾക്കിടയിൽ രാജ്യത്തെ നിയമപരമായ കേസുകൾക്ക് പ്രസക്തിയില്ലെന്ന് ചില ക്രൈസ്തവ വിഭാഗങ്ങൾ വിശ്വസിക്കുന്നുണ്ട്. ഇങ്ങനെ വിശ്വസിക്കുന്ന വിഭാഗത്തിലെ അനുയായി ആണ് ബിന്ദു. ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ കയ്യിൽ 'ചൈൽഡ് ഓഫ് ജീസസ്' എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. തനിക്ക് ആർക്കെതിരെയും കേസ് കൊടുക്കാൻ താല്പര്യമില്ലെന്നും ദൈവം തനിക്കായി എന്ത് നിശ്ചയിച്ചിട്ടുണ്ടോ അത് സംഭവിക്കുമെന്ന് കരുതുന്നതായും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
advertisement
ഗാർഹികപീഡനത്തിന്റെയും, വിവാഹേതരബന്ധത്തിന്റെയും ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്കുമാറിന്റെ ആദ്യവിവാഹബന്ധം പിരിയാനുള്ള കാരണം. ക്യാബിനറ്റ് മന്ത്രിസ്ഥാനം നഷ്‌ടമാകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിൽ ഗണേഷ് കുമാർ നേരിട്ടത്.
ഗാർഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹർജി സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നൽകി. തുടർന്ന് 2013 ഏപ്രിൽ മാസത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു.
ടെലിവിഷൻ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ബിന്ദു 2014ൽ ഗണേഷ് കുമാറിനെ വിവാഹം ചെയ്തു. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഔദ്യോഗിക ജീവിതം. ഇരുവരുടേയും പുനർവിവാഹമായിരുന്നു ഇത്. ഇരുവർക്കും മുൻ വിവാഹത്തിൽ മക്കളുണ്ട്.
രണ്ടാം പിണറായി വിജയൻ സർക്കാരിൽ 2023 ഡിസംബർ 29ന് ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജുവിൽ നിന്ന് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം എന്നീ വകുപ്പുകൾ ഏറ്റെടുത്തു. എൽ.ഡി.എഫ് മുൻകൂട്ടി നിശ്ചയിച്ച കരാറിന്റെ ഭാഗമായിരുന്നു ഈ മാറ്റം. 30 മാസത്തിനുശേഷം രാജിവയ്ക്കും എന്ന ഉടമ്പടിയിന്മേൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും വഴിമാറുകയായിരുന്നു.
എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായ ഗണേഷിനു വേണ്ടി എൻഎസ്എസ് നേതൃത്വം രംഗത്തുവന്നിരുന്നു. സ്പീക്കർ ഷംസീർ നടത്തിയ ഗണപതി മിത്ത് വിവാദം എൻഎസ്എസ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഗണേഷിന്റെ മന്ത്രിസ്ഥാനത്തേക്ക് വഴിതെളിഞ്ഞത്.
ഗണേഷ് കുമാറിനെതിരെ പ്രതിപക്ഷം
മന്ത്രിയുടെ ഭാര്യയുടെ ആരോപണത്തോടുള്ള പോലീസിന്റെ പ്രതികരണത്തെയും മുഖ്യമന്ത്രിയുടെ മൗനത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യം ചെയ്തു. ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും സംരക്ഷണം ലഭിച്ചില്ലെങ്കിൽ കേരളത്തിലെ സാധാരണ സ്ത്രീകൾക്ക് എന്ത് നീതി പ്രതീക്ഷിക്കാനാകുമെന്ന് സതീശൻ കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.
മന്ത്രിയുടെ ഭാര്യ ബിന്ദു മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഗണേഷ് കുമാറിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
മന്ത്രിയുടെ ഭാര്യ ഉന്നയിച്ച ഗുരുതരമായ പ്രശ്നങ്ങൾക്ക് ശരിയായ രീതിയിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് യദു കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ മാധ്യമങ്ങളോടും പോലീസിനോടും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിയുടെ ഭാര്യ അടിയന്തര ഹെൽപ്പ് ലൈൻ വഴി നൽകിയ പരാതി പോലീസ് പരിശോധിച്ചോ എന്നും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും കെഎസ്‌യു നേതാവ് ചോദിച്ചു.
