കുടിവെള്ളം ആവശ്യപ്പെട്ടാണ് അജ്ഞാതയായ സ്ത്രീ വീട്ടുപടിക്കൽ എത്തിയത്. വെള്ളമെടുക്കാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ, "വെള്ളം വേണ്ടെന്നും ഈ സഞ്ചി ഇവിടെ വെക്കട്ടെയെന്നും" സ്ത്രീ പറഞ്ഞു. സംശയം തോന്നി സഞ്ചിയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ അനക്കം കാണുകയും വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയും ചെയ്തതായി വീട്ടമ്മ പറയുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വീടിനുള്ളിൽ കയറി കതകടച്ചു.
തുടർന്ന് ഭർത്താവിനെ വിവരമറിയിക്കുകയും അയൽവാസികളും പഞ്ചായത്തംഗം ലൈലയും സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ ചേർന്ന് വീട്ടുപരിസരങ്ങളിലും ഇടവഴികളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
advertisement
ഫോർട്ട് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.
