ചലച്ചിത്രരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് റിനി രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള ദുരനുഭവം തുറന്നുപറഞ്ഞത്. "ആദ്യം സൗഹൃദം സ്ഥാപിച്ച് സന്ദേശങ്ങൾ അയയ്ക്കും, പിന്നീട് പതിയെ അശ്ലീല സന്ദേശങ്ങളിലേക്ക് കടക്കും. കുറച്ച് അടുപ്പമായെന്ന് തോന്നിയാൽ സിനിമയ്ക്കും ഹോട്ടലിലേക്കും ക്ഷണിക്കും," -അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയിലും താൻ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ മോശം അനുഭവം ഉണ്ടായത്. അശ്ലീല സന്ദേശങ്ങൾ അയച്ചപ്പോൾ അത് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഇതേ വ്യക്തിക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ, "Who Cares?" എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
advertisement
താങ്കൾക്കെതിരെ പാർട്ടി നേതൃത്വത്തോട് പരാതി പറയുമെന്ന് അറിയിച്ചപ്പോൾ, "പോയി പറഞ്ഞോളൂ" എന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും റിനി വെളിപ്പെടുത്തി. താൻ പരാതി നൽകിയിട്ടും അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ ലഭിച്ചു.
ഇതുപോലുള്ള ആളുകളെ ഇനിയും ഉയർന്ന സ്ഥാനങ്ങളിൽ എത്തിക്കരുതെന്നും, താൻ ഒരു പ്രത്യേക പാർട്ടിയെ താഴ്ത്തിക്കെട്ടാനല്ല ഇത് പറയുന്നതെന്നും റിനി വ്യക്തമാക്കി. സമൂഹത്തിൽ ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും, നേതാവിൻ്റെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇതിന് ഒരു പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ തൻ്റെ ചില വിഗ്രഹങ്ങൾ ഉടഞ്ഞുപോയെന്നും അവർ കൂട്ടിച്ചേർത്തു. സമാന അനുഭവമുണ്ടായ സ്ത്രീകൾ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും റിനി ആൻ ജോർജ്ജ് പറഞ്ഞു.