ആത്മഹത്യക്ക് ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് ഷഫീക്ക് റെക്കോഡ് ചെയ്ത വീഡിയോയും ഇതിനിടെ പുറത്തു വന്നിരുന്നു. 'കള്ളനെന്ന് മുദ്രകുത്തി നിരപരാധിയായ തന്നെ മർദിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. എന്നാൽ പരാതിയിൽ അന്വേഷണം നടത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും കള്ളനെന്ന് മുദ്രകുത്തിയ തനിക്ക് നാട്ടുകാരുടെ മുഖത്തുനോക്കാൻ വിഷമമുണ്ടെന്നും' വീഡിയോയിൽ കരഞ്ഞുകൊണ്ടാണ് ഷഫീഖ് പറയുന്നത്.
advertisement
സെപ്‌റ്റംബർ 20-ന് രാത്രി 7.45-ഓടെയാണ് ബൈക്കിലെത്തിയ ഒരു യുവാവ് പറമ്പത്ത്കാവിൽവെച്ച് സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. സുഹൃത്തിനെ പറമ്പത്തുകാവിലെ വീട്ടിൽകൊണ്ടാക്കി മടങ്ങിവരുമ്പോഴാണ് രണ്ടു യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം ഷഫീഖിനെ മർദിക്കുന്നത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഈ ദിവസങ്ങളിൽ കുന്ദമംഗലത്തും കാരന്തൂരിലും സമാനമായ രീതിയിൽ ബാഗ് കവർച്ച നടന്നിരുന്നു. ഇതേത്തുടർന്ന് മോഷ്ടാവ് ബൈക്കിൽ സഞ്ചരിക്കുന്ന സി.സി.ടി.വി. ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോലീസ് തന്നെ പ്രചരിപ്പിച്ചിരുന്നു.
പിന്നീട് കൊടുവള്ളി കരീറ്റിപ്പറമ്പ് കാപ്പുമലയിൽനിന്ന് ബൈക്ക് സഹിതം യഥാർഥ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തന്നെ മർദ്ദിച്ചവരെക്കുറിച്ച് കൃത്യമായി സൂചന നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഷഫീഖ് ആരോപിക്കുന്നത്.