യുപിയിലെ ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ, അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകണമെന്ന് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. സബ്സിഡി നിരക്കിൽ തോക്കുകൾ നൽകണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
''രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് ജനതയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉടനടി ലഭ്യമാക്കണം. തോക്കുകൾ വാങ്ങാൻ 50 ശതമാനം സബ്സിഡി സർക്കാർ അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധിക്കാം'' - ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ പറഞ്ഞു.
യുപിയിലെ ഹത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഭീം ആർമി അധ്യക്ഷൻ ഈ ആവശ്യവുമായി രംഗത്തത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി., മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്യുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Also Read- ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും
सँविधान में हर नागरिक को जीने का अधिकार दिया है, जिसमें आत्म रक्षा का अधिकार शामिल है। हमारी माँग है कि देश में 20 लाख बहुजनों को हथियारों के लाइसेंस तत्काल दिया जाए। हमें बंदूक़ और पिस्तौल ख़रीदने के लिए 50% सब्सिडी सरकार दे। हम अपनी रक्षा खुद कर लेंगे। #Gun_Licence_For_Bahujan
— Chandra Shekhar Aazad (@BhimArmyChief) October 3, 2020
തോക്ക് ലൈസൻസിനായുള്ള ആവശ്യം ഉന്നയിച്ച ദളിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ചട്ടങ്ങൾ ഉദ്ധരിച്ച്, ഇത് വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആയുധ ലൈസൻസുകൾ നൽകാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
പ്രസ്താവനയോട് പ്രതികരിച്ച ബിജെപി എംപി രാകേഷ് സിൻഹ ഈ ആവശ്യം പരിഹാസ്യമാണെന്ന് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സർക്കാരും പൗരന്മാരെ ന്യായമായും ഫലപ്രദമായും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം നിർദ്ദേശങ്ങളും ആവശ്യങ്ങളും (തോക്കുകൾക്കായി) പരിഹാസ്യമാണ് ”- ബിജെപി എംപി പറഞ്ഞു.
അനീതിയെ അഹിംസ പരാജയപ്പെടുത്തുമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. “... ഗാന്ധിയൻ തത്ത്വചിന്തയാണ് ശരിയായ വഴി എന്ന് ഞാൻ വിശ്വസിക്കുന്നു. അനീതിക്കെതിരായ പോരാട്ടത്തിൽ അഹിംസ നിങ്ങളെ വിജയിപ്പിക്കും ”- കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
ഇരയുടെ കുടുംബത്തിന് സിആർപിഎഫ് പരിരക്ഷ നൽകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ശിവസേനയും ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Gang rape, Priyanka Gandhi, Rahul gandhi, Rape case, UP Police, Yogi adithyanadh