കെ പി സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. യു ഡി എഫ് കൺവീനറെ മാറ്റണമെന്നും ആവശ്യമുണ്ട്.
യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. ജംബോ കെ പി സി സിയും ഡി സി സികളും പിരിച്ചു വിടണമെന്നും കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചു വിടണമെന്നുമാണ് ആവശ്യം.
advertisement
രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മല്ലികാർജുൻ ഖാർഗെ എം പി എന്നിവർക്ക് കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
'അടുത്തിടെ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് സംഭവിച്ച ചരിത്രപരമായ തോൽവിയിൽ ഞങ്ങൾ ആശ്ചര്യപ്പെടുന്നു. പാർട്ടി അതിന്റെ തിരുത്തൽ നടപടികൾ ഉടനടി നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ, പാർട്ടി കൂടുതൽ അന്ധകാരത്തിലേക്ക് നയിക്കപ്പെടും.
എന്തുകൊണ്ടു ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയായില്ല?
അഗാധമായ ഉറക്കത്തിൽ നിന്ന് നമ്മുടെ പാർട്ടിയെ ഉണർത്താനുള്ള തിരുത്തൽ നടപടികൾ നിർദ്ദേശിക്കേണ്ടത് കടമയും ഉത്തരവാദിത്തവുമാണെന്ന് കേരള സ്റ്റേറ്റ് കമ്മിറ്റി ഓഫ് യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികൾ എന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ പരിഗണനയിലേക്കായി ചില കാര്യങ്ങൾ ഞങ്ങൾ സമർപ്പിക്കുന്നു.
1. കെ പി സി സി അധ്യക്ഷൻ, പ്രതിപക്ഷനേതാവ്, യു ഡി എഫ് കൺവീനർ എന്നിവരെ മാറ്റുക.
2. കെ പി സി സി, ഡി സി സി, കേരള പ്രദേശ് യൂത്ത് കോൺഗ്രസ്, കെ എസ് യു, ഐ എൻ ടി യു സി എന്നിവയുടെ ജംബോ കമ്മിറ്റികൾ അടിയന്തിരമായി പിരിച്ചുവിടുക. ബൂത്തു തലം മുതൽ ഈ കമ്മിറ്റികൾ ശാക്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക.
ഈ നിർദ്ദേശങ്ങളാണ് 24 അംഗ യൂത്ത് കോൺഗ്രസ് സംഘം സോണിയ ഗാന്ധിക്കു മുമ്പാകെ വെച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് പുനഃസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതിനാൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
