KR Gouri Amma | 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് കേരളം സംഭാവന ചെയ്ത ചെങ്കനൽ'; അനുസ്മരിച്ച് തോമസ് ഐസക്

Last Updated:

ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം.

കെ.ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് തോമസ് ഐസക്. ത്യാഗത്തിന്‍റെയും പോരാട്ടത്തിന്‍റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്‍റെ ഉടമ ഇനി ചരിത്രത്തിന്‍റെ ഭാഗം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഐസക് കുറിച്ചത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനല്‍ എന്നാണ് സഖാവ് ഗൗരിയമ്മയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
സഖാവ് ഗൌരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം. അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ് ഗൌരിയമ്മ കേരള ചരിത്രത്തിൽ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്, പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമ.
advertisement
സർ സി.പിയുടെ മർദ്ദക ഭരണത്തിനെതിരെ തിരുവിതാംകൂറിൽ അലയടിച്ച പ്രതിഷേധവും പുന്നപ്ര വയലാർ സമരവുമാണ് സഖാവ് ഗൌരിയമ്മയെ സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തിച്ചത്. അനീതിയ്ക്കെതിരെ രണ്ടുംകൽപ്പിച്ച് സമരമുഖത്തിറങ്ങി.പി. കൃഷ്ണപിള്ളയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം. ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗം. ഭൂപരിഷ്കരണ നിയമത്തിന് ചുക്കാൻ പിടിക്കാൻ ചരിത്രനിയോഗം. വനിതകൾ വീട്ടിനു പുറത്തിറങ്ങാൻ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവർ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ മനക്കരുത്തിനു മുന്നിൽ പ്രതിസന്ധികൾ മുട്ടുമടക്കി. അഭിഭാഷകയും മികച്ച വാഗ്മിയുമായിരുന്ന ഗൌരിയമ്മ മികച്ച സംഘാടകയായി മാറി.
advertisement
കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ മുൻനിരയിലുണ്ട് ഗൌരിയമ്മ. കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാർഢ്യത്തിനും കലർപ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നിൽ താനേ അഴിഞ്ഞു വീണു. അധികാരം പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉപയോഗിക്കണമെന്ന നിഷ്കർഷ എക്കാലവും സഖാവിനുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ഗൌരിയമ്മ. സ്വന്തം ജീവചരിത്രം നാടിന്റെ ചരിത്രമാക്കിയ അപൂർവം പേരിലൊരാൾ.
advertisement
സഖാവിന് വിട.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KR Gouri Amma | 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്ക് കേരളം സംഭാവന ചെയ്ത ചെങ്കനൽ'; അനുസ്മരിച്ച് തോമസ് ഐസക്
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement