ജനുവരി: ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ആവശ്യമില്ല എന്ന് സുപ്രീംകോടതി
ഈ വർഷം ആദ്യമാണ് മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന നിർണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. സര്‍ക്കാരുമായോ അതുമായി ബന്ധപ്പെട്ടോ ഒരു മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ സർക്കാരിനെതിരെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2016ൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കുറിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന അസം ഖാന്‍ നടത്തിയ പ്രസ്താവനയില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം.
advertisement
ഫെബ്രുവരി: മദ്രാസ് ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ നിയമനം
ഈ വർഷം ഫെബ്രുവരിയിൽ ആണ് അഭിഭാഷകയായ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പരാമർശങ്ങൾ മുതൽ സജീവ ബി.ജെ.പി പ്രവർത്തക എന്നതടക്കമുള്ള വിഷയങ്ങളാണ് ഇവർക്കെതിരെ കോടതിയിൽ ആരോപിക്കപ്പെട്ടത്. വലിയ വിവാദം സൃഷ്ടിച്ച ഈ വിഷയം ഉന്നയിച്ച് അഭിഭാഷകർ തന്നെ കോടതിയിൽ നേരിട്ട് ഹർജി നൽകിയെങ്കിലും സുപ്രീംകോടതി ഹർജി തള്ളുകയും വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. അതുകൊണ്ടു തന്നെ വിക്ടോറിയ ഗൗരിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും കൊളീജിയം പരിഗണിക്കുമെന്നും ഈ ഘട്ടത്തിൽ അവ പുനഃപരിശോധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മാർച്ച്: അദാനി - ഹിൻഡൻബർഗ് തർക്കം
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് (Hindenburg) റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീംകോടതി പൊതു താൽപര്യ ഹർജി പരിഗണിച്ചു. ഈ പ്രശ്നം പരിശോധിക്കാൻ വിരമിച്ച എസ്‌സി ജഡ്ജി അഭയ് മനോഹർ സാപ്രെയുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റി മേയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ വിഷയത്തിന്റെ മറ്റു വശങ്ങൾ ഇപ്പോഴും സുപ്രീംകോടതി പരിശോധിച്ച് വരികയാണ്.
ഏപ്രിൽ: സീൽഡ് കവർ വേണ്ടെന്ന സുപ്രീം കോടതിയുടെ തീരുമാനം
പല സുപ്രധാന കേസുകളിലും രഹസ്യ സ്വഭാവമുള്ളതും തന്ത്രപരവുമായ രേഖകൾ കോടതിയുമായി പങ്കുവെക്കുന്നതിന് എതിർകക്ഷികൾ സീൽഡ് കവർ സമർപ്പിക്കുന്നത് പതിവായിരുന്നു. എന്നാൽ കോടതി നടപടികളുടെ സുതാര്യത നിലനിർത്തുന്നതിന്റെ ഭാഗമായി ഈ വർഷം സീൽഡ് കവർ സംവിധാനം സുപ്രീം കോടതി ഒഴിവാക്കി. ഇത് സുപ്രീം കോടതിയുടെ ഈ വർഷത്തെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു . സീൽഡ് കവർ നടപടിക്രമങ്ങൾ സ്വാഭാവികവും നീതിയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും സുപ്രീം കോടതി വിലയിരുത്തി.
മെയ്: യോജിക്കാനാവാത്ത വിവാഹ ബന്ധങ്ങളിൽ സുപ്രീംകോടതിക്ക് നേരിട്ട് വിവാഹമോചനം നൽകാം
ഒരിക്കലും യോജിക്കാനാവാത്ത വിവാഹ ബന്ധങ്ങളിൽ ദമ്പതികളെ കുടുംബ കോടതിയിലേക്ക് റഫർ ചെയ്യാതെ വിവാഹ മോചനം നൽകുമെന്ന് സുപ്രീംകോടതി വിധിച്ചു. പരസ്പര സമ്മതത്തോടെ വിവാഹ മോചന ഹർജി സമർപ്പിക്കുന്ന സാഹചര്യത്തിൽ കാലതാമസം ഒഴിവാക്കാൻ കൂടിയാണ് ഈ തീരുമാനം. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ആറുമാസം കാത്തിരിക്കേണ്ട വ്യവസ്ഥ രണ്ട് കക്ഷികളും സമ്മതിച്ചാൽ ഒഴിവാക്കാമെന്നും ബെഞ്ച് അറിയിച്ചു.
ജൂൺ: കേന്ദ്രസർക്കാർ ഉത്തരവ് പാലിക്കാത്തതിൽ ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ
കേന്ദ്രസർക്കാർ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കർണാടക ഹൈക്കോടതി എക്‌സിന് (മുമ്പ് ട്വിറ്റർ) ഈ വർഷം 50 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റർ സമർപ്പിച്ച ഹർജിയും കോടതി തള്ളി. തുടർന്ന് ഓഗസ്റ്റിൽ ട്വിറ്റർ 25 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഈ കേസ് നിലവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
ജൂലൈ: കഫേ കോഫി ഡേയുടെ കടബാധ്യത അംഗീകരിച്ചു
കഫേ കോഫി ഡേയുടെ (CCD) ഉടമസ്ഥതയിലുള്ള കോഫി ഡേ ഗ്ലോബൽ ലിമിറ്റഡിന് (CDGL) കടബാധ്യത പരിഹരിക്കുന്നതിനായി കോർപ്പറേറ്റ് ഇൻസോൾവൻസി റെസലൂഷൻ പ്രോസസ് (സിഐആർപി) ആരംഭിക്കാൻ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) അനുവാദം നൽകി. 94 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന് ഇൻഡസ്ഇൻഡ് ബാങ്ക് നൽകിയ ഹർജിയിലാണ് ഉത്തരവ്. വിഷയം ഇരു കക്ഷികളും ഒത്തുതീർപ്പാക്കിയ ശേഷം സെപ്റ്റംബറിൽ കേസ് അവസാനിക്കുകയും ചെയ്തു.
ഓഗസ്റ്റ്: സ്പൈസ് ജെറ്റ് മേധാവി അജയ് സിങ്ങിന് സുപ്രീം കോടതി സമൻസ് അയച്ചു
കുടിശ്ശിക നൽകാത്തതിന്റെ പേരിൽ സ്‌പൈസ് ജെറ്റും സ്വിസ് ബാങ്കും തമ്മിലുള്ള നിയമപരമായ തർക്കത്തിൽ സുപ്രീംകോടതി ഇടപെടൽ വളരെ നിർണായകമായിരുന്നു. ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീർപ്പിനും സുപ്രീംകോടതി മുൻകൈയെടുത്തു. കൂടാതെ കുടിശ്ശിക പറഞ്ഞ സമയപരിധിക്കുള്ളിൽ അടച്ചു തീർക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്‌പൈസ്‌ജെറ്റ് ഈ നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്ന് അജയ് സിംഗിനോട് നേരിട്ട് സുപ്രീം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
സെപ്തംബർ: അനില്‍ കപൂറിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി
അനില്‍ കപൂറിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിൽ 16 സ്ഥാപനങ്ങളെ വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയത് ഈ വർഷം സെപ്റ്റംബറിൽ ആയിരുന്നു. അനിൽ കപൂർ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു ഉത്തരവ്. സിനിമയിൽ അദ്ദേഹം പറയുന്ന "ഝകാസ്" (Jhakaas) എന്ന പദം അതേ രീതിയിൽ ഉപയോഗിക്കുന്നതിൽ നിന്നും കോടതി ഈ സ്ഥാപനങ്ങളെ വിലക്കിയിരുന്നു.
ഒക്ടോബർ: എൻസിഎൽഎടി അംഗങ്ങൾ കുറ്റക്കാരാണെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനം
ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽഎടി) ജുഡീഷ്യൽ അംഗം സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് ഒരു വിധി പുറപ്പെടുവിച്ചതിനെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തിൽ രണ്ട് അംഗങ്ങളോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇവർ കോടതിയലക്ഷ്യത്തിന് കുറ്റക്കാർ ആണെന്ന് സുപ്രീംകോടതി പ്രഖ്യാപിക്കുകയും ചെയ്തു . എങ്കിലും ഇവർക്കെതിരെ ശിക്ഷാനടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ജുഡീഷ്യൽ അംഗം രാജിവയ്ക്കുകയും ചെയ്തിരുന്നു.
നവംബർ: കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിൽ പഞ്ചാബിനെ വിമർശിച്ച് സുപ്രീംകോടതി
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്നുള്ള ഹർജി പരിഗണിക്കവെ, കാർഷിക മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നതിൽ പഞ്ചാബിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാത്തതിലും പഞ്ചാബിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി. തുടർന്ന് മലിനീകരണം ഉടൻ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി ഡൽഹിയുടെ സമീപ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്താനും കോടതി ഉത്തരവിട്ടു.
ഡിസംബർ: നോമിനിയ്ക്ക് ഉടമസ്ഥന്റെ മരണശേഷം ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി
സ്വത്തുകളുടെ മുദ്രപത്രത്തിൽ നോമിനിയായി പേരുള്ള ആൾക്ക് ഉടമസ്ഥന്റെ മരണശേഷം ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മരണപ്പെട്ടയാളുടെ വിൽപത്രത്തിന്റെ ഉള്ളടക്കമോ പിന്തുടർച്ചാവകാശ നിയമങ്ങളോ അനുസരിച്ചാരിക്കും ഓഹരിയുടെ പിന്നിലുള്ള അനന്തരാവകാശമോ പിന്തുടർച്ചയോ നിർണ്ണയിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയിൽ പിന്തുടർച്ചാവകാശം നിർണ്ണയിക്കുന്നത് ഒന്നുകിൽ ഉടമ എഴുതിയ വിൽപത്രം അനുസരിച്ചോ ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരമോ ആണ്.