മതപരമായ അവകാശങ്ങൾ തടയരുത്; തിരുവിഴയിൽ പട്ടികജാതിക്കാരുടെ പ്രവേശനം ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
- Published by:user_57
- news18-malayalam
Last Updated:
പട്ടികജാതി ഉള്‍പ്പടെയുള്ള എല്ലാവിഭാഗത്തില്‍പ്പെട്ട ഭക്തര്‍ക്കും ക്ഷേത്രോത്സവത്തില്‍ പ്രവേശനമുണ്ടെന്ന കാര്യം എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു
തമിഴ്നാട്ടിലെ വിരുദുഗനഗര്‍ ജില്ലയിലെ അറുപ്പുകോട്ടയിലുള്ള അരുള്‍മിഗു ചെല്ലിയാരമ്മന്‍ ക്ഷേത്രത്തിലെ മാര്‍ഗഴി ഉത്സവം നടത്തണമെന്ന് ഹിന്ദു റീലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ തൊട്ടുകൂടായ്മ പോലുള്ള കാര്യങ്ങൾനിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിരുദുനഗര്‍ ജില്ലാ കളക്ടറെ അക്കാര്യം അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി പുകഴേന്തി അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
പട്ടികജാതി ഉള്‍പ്പടെയുള്ള എല്ലാവിഭാഗത്തില്‍പ്പെട്ട ഭക്തര്‍ക്കും ക്ഷേത്രോത്സവത്തില്‍ പ്രവേശനമുണ്ടെന്ന കാര്യം എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
പാണ്ഡ്യരാജന്‍ സി. എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. അരുള്‍മിഗു ചെല്ലിയാരമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പട്ടികജാതിക്കാരെ ഒഴിവാക്കിയെന്നാണ് ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
ക്ഷേത്രോത്സവത്തില്‍ പട്ടികജാതിക്കാര്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് ഗ്രാമത്തിലെ മരവാര്‍ എന്ന വിഭാഗം മുന്നോട്ട് വന്നിരുന്നതായി പരാതിയില്‍ പറയുന്നു.
അതേസമയം വിഷയം തഹസില്‍ദാരുടെ മുന്നിലെത്തിച്ചിരുന്നുവെന്നും തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.
advertisement
തുടര്‍ന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്സവം നടത്തേണ്ടത് എന്ന് സമാധാനയോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഹര്‍ജിയിലൂടെ ഇക്കാര്യവും കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രമേയം പാസാക്കിയിട്ടും ക്ഷേത്രത്തിലെ മാര്‍ഗഴി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പട്ടികജാതി വിഭാഗക്കാരെ അനുവദിക്കുന്നില്ലെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും ഇത്തരം രീതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
"മതപരമായ ചുമതലകൾ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെ തടയാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഭരണഘടന ഉറപ്പാക്കുന്ന അവകാശമാണത്," എന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
advertisement
ക്ഷേത്രം ഒരു പൊതുമുതലാണെന്നും ക്ഷേത്രകാര്യത്തില്‍ ഇടപെടാനുള്ള അധികാരം എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിനുണ്ടെന്നും കോടതി വ്യക്തമാക്കി.
Location :
Thiruvananthapuram,Kerala
First Published :
December 27, 2023 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മതപരമായ അവകാശങ്ങൾ തടയരുത്; തിരുവിഴയിൽ പട്ടികജാതിക്കാരുടെ പ്രവേശനം ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി