ആദ്യ ഭാര്യയ്ക്ക് ഒരു മകനെ ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ അവരിൽ നിന്ന് വിവാഹമോചനം നേടിയെന്ന് വിശ്വസിപ്പിച്ചാണ് 1989ൽതന്നെ ഭർത്താവ് വിവാഹം കഴിച്ചതെന്ന് 'രണ്ടാം ഭാര്യ'യായ സ്ത്രീ പറഞ്ഞു. ഇവർക്ക് ഇപ്പോൾ 55 വയസാണ് പ്രായം.
ഡിസംബർ 14ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് രാജേഷ് പാട്ടീലാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. 2015ൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചായിരുന്നു കോടതി വിധി. ഭാര്യക്ക് ജീവനാംശം നൽകുന്ന നിയമ വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 2,500 രൂപയാണ് നൽകേണ്ടത്. ജീവനാംശ തുക വർധിപ്പിക്കാൻ പുതിയ ഹർജി ഫയൽ ചെയ്യാനും ഹൈക്കോടതി സ്ത്രീയ്ക്ക് അനുമതി നൽകി.
advertisement
ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 125-ാം വകുപ്പ് പ്രകാരമാണ് രണ്ടാം ഭാര്യയ്ക്കും ജീവനാംശം നൽകാനുള്ള കോടതി വിധി. സെക്ഷൻ 125 പ്രകാരം ജീവനാംശത്തിനായി ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ അപേക്ഷ സമർപ്പിക്കാം.
2015 ജനുവരിയിൽ, നാസിക് ജില്ലയിലെ യോലയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, യുവതിയുടെ അപേക്ഷയിൽ, ഭർത്താവിന്റെ പ്രതിമാസ വരുമാനമായ 50,000 - 60,000 രൂപയെ അടിസ്ഥാനമാക്കി 2,500 രൂപ മാത്രമാണ് പ്രതിമാസ ജീവനാംശമായി അവർക്ക് അനുവദിച്ചത്.
നിഫാദിലെ ഒരു സെഷൻസ് കോടതിയിൽ ഭർത്താവ് പരാതിക്കാരിയുടെ അപേക്ഷയ്ക്കെതിരെ അപ്പീൽ നൽകുകയും താൻ അവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് വാദിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് 2022 ഏപ്രിലിൽ സെഷൻസ് കോടതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. തൊട്ടുപിന്നാലെ സെഷൻസ് കോടതി ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. 1989ൽ വിവാഹം കഴിച്ചതായും 1991ൽ ഒരു മകനെ പ്രസവിച്ചതായും അവർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാം വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ആദ്യഭാര്യയുമായുള്ള പ്രശ്നം മധ്യസ്ഥരുടെ ഇടപെടലിലൂടെ പരിഹരിക്കുകയും ഭർത്താവ് അവർക്കൊപ്പം താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നീട് അവരും ഒരു മകനെ പ്രസവിച്ചു. അതിന് ശേഷം രണ്ടാം ഭാര്യയ്ക്കും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചു. തന്റെ രണ്ട് മക്കളുടെയും സ്കൂൾ രേഖകളിൽ പിതാവിന്റെ പേര് വ്യക്തമാണെന്നും അവർ പറഞ്ഞു.
രണ്ടാമത്തെ മകൻ ജനിച്ചയുടൻ തന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കാനും തുടങ്ങി. 2011 വരെ ജീവനാംശവും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആദ്യഭാര്യ ജീവനാംശം നൽകുന്നത് തടഞ്ഞെന്നും അവർ കോടതിയെ അറിയിച്ചു. തുടർന്ന് ഹൈക്കോടതി, സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും ഭർത്താവിന് കഴിഞ്ഞ ഒമ്പത് വർഷത്തെ കുടിശ്ശിക തീർക്കാൻ രണ്ട് മാസത്തെ സമയം നൽകുകയും ചെയ്തു. കൂടാതെ ജീവനാംശ തുക വർധിപ്പിക്കുന്നതിന് പുതിയ ഹർജി ഫയൽ ചെയ്യാൻ പരാതിക്കാരിയെ അനുവദിക്കുകയും ചെയ്തു.