ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് തനിക്ക് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുസ്ലീം യുവതി കുടുംബകോടതിയെ സമീപിച്ചത്. ഇടക്കാല ജീവനാംശമായി മാസം 20,000 രൂപ നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കുടുംബകോടതി ഉത്തരവിനെതിരെ നേരത്തെ തെലങ്കാന ഹൈക്കോടതി രംഗത്തെത്തിയിരുന്നു. 2017ലാണ് ഇരുവരും വിവാഹമോചിതരായതെന്നും ഇവര്‍ മുസ്ലീം വ്യക്തിനിയമപ്രകാരമാണ് വിവാഹ മോചനം നേടിയതെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
advertisement
അതേസമയം വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് സെക്ഷന്‍ സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് ജീവനാംശം ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ടെന്ന് 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2019ല്‍ പാറ്റ്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഹ്‌സന്‍ അമാനുള്ള മുസ്ലീം സ്ത്രീയുടെ ജീവനാംശത്തിനുള്ള ഹര്‍ജി നിരസിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.1986ലെ നിയമം, സിആര്‍പിസി നിയമം എന്നിവ അനുസരിച്ച് ഒരു മുസ്ലീം സ്ത്രീയ്ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് അമാനുള്ള നിരീക്ഷിച്ചു. മുസ്ലീം സ്ത്രീയെന്ന നിലയില്‍ അവരെ മാറ്റിനിര്‍ത്താനാകില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
അതേസമയം ജീവനാംശ കുടിശ്ശിക തുകയുടെ അമ്പത് ശതമാനം ഹര്‍ജിക്കാരിയായ സ്ത്രീയ്ക്ക് 2024 ജനുവരി 24ന് ഉള്ളില്‍ നല്‍കാനും ബാക്കി തുക 2024 മാര്‍ച്ച് 13ന് ഉള്ളില്‍ നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ കേസ് ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് കുടുംബകോടതിയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാൽ വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് ഹര്‍ജി നല്‍കാനുള്ള അര്‍ഹതയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 1986ലെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് പരാതിക്കാരി പിന്തുടരേണ്ടിയിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിവാഹമോചനം കഴിഞ്ഞ് 90-130 ദിവസക്കാലയളവില്‍ 15000 രൂപ പരാതിക്കാരിയ്ക്ക് ജീവനാംശമായി നല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. വാദത്തിനൊടുവില്‍ കേസില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. കേസ് ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഈ കേസ് വിരല്‍ ചൂണ്ടുന്നത് 1985ലെ ഷാ ബാനു ബീഗം കേസിലേക്കാണ്. മുസ്ലീം സ്ത്രീകള്‍ക്കും സിആര്‍പിസി 125 അനുസരിച്ച് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത് ഈ കേസിലാണ്. മതപരമായ വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായാണ് പലരും ഈ വിധിയെ വീക്ഷിച്ചത്.