ഇന്ത്യയിൽ എത്ര ഉപമുഖ്യമന്ത്രിമാരുണ്ട്? സ്ഥാനം മറ്റ് മന്ത്രിമാർക്ക് തുല്യമെന്ന് സുപ്രീംകോടതി
- Published by:user_57
- news18-malayalam
Last Updated:
മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന രീതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 'പബ്ലിക് പൊളിറ്റിക്കൽ പാർട്ടി' സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പരാമർശം
ന്യൂഡൽഹി: ഉപമുഖ്യമന്ത്രി പദവി ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. ഈ സ്ഥാനം ഭരണഘടനയിൽ പരാമർശിക്കുകയോ നിർവചിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന രീതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 'പബ്ലിക് പൊളിറ്റിക്കൽ പാർട്ടി' സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്ഹർജിതള്ളി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഒരു മന്ത്രി മാത്രമാണ് ഉപമുഖ്യമന്ത്രി. മറ്റ് മന്ത്രിമാരെ അപേക്ഷിച്ച് ഉപമുഖ്യമന്ത്രിമാർക്ക് ഉയർന്ന ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാറില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
''ഉപമുഖ്യമന്ത്രിയും സർക്കാരിലെ ഒരു മന്ത്രിയാണ്. ഉപമുഖ്യമന്ത്രിമാരുടെ നിയമനം ഭരണഘടനാ ലംഘനമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അതായത് ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്നും'' പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
നിലവിൽ 14 സംസ്ഥാനങ്ങളിലായി ആകെ 26 ഉപമുഖ്യമന്ത്രിമാരാണുള്ളത്. ഏറ്റവും കൂടുതൽ ഉപമുഖ്യമന്ത്രിമാരുള്ള സംസ്ഥാനം ആന്ധ്രാപ്രദേശാണ്. ഇവിടെ അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ വീതമുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
February 13, 2024 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഇന്ത്യയിൽ എത്ര ഉപമുഖ്യമന്ത്രിമാരുണ്ട്? സ്ഥാനം മറ്റ് മന്ത്രിമാർക്ക് തുല്യമെന്ന് സുപ്രീംകോടതി