അഹമ്മദാബാദിലെ ചന്ദ്‌ഖേദില്‍ താമസിക്കുന്ന ഭവിക പ്രേമലാണ് ഹര്‍ജി നല്‍കിയത്. 2019 ഓഗസ്റ്റില്‍ ഭവികയും തന്റെ കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളും അന്ത്യോദയ യോഗ സ്റ്റുഡിയോയില്‍ ഒരു വര്‍ഷത്തെ അംഗത്വമെടുത്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 2020 മാര്‍ച്ച് 21 മുതല്‍ ഓഗസ്റ്റ് വരെ യോഗ ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 2021-ല്‍ യോഗ ക്ലാസുകള്‍ വീണ്ടും തുടങ്ങിയെങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം വീണ്ടും നിര്‍ത്തിവെച്ചു. സ്റ്റുഡിയോ അടച്ചിട്ട കാലഘട്ടത്തിലെ തന്റെ പണം തിരികെ നല്‍കണമെന്ന് സ്റ്റുഡിയോ അധികൃതരോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് അനുകൂലമായി അവര്‍ പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് ഭവിക ഉപഭോക്തൃക്കോടതിയെ സമീപിക്കുകയായിരുന്നു. അടച്ച പണത്തിനൊപ്പം 25,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ടാണ് അവര്‍ അഹമ്മദാബാദിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
advertisement
രാജ്യത്താകമാനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്ന് സ്റ്റുഡിയോ ഉടമ അറിയിച്ചു. ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. 2021 ഏപ്രിലില്‍ രണ്ടാം തവണ ഫീസ് അടച്ചപ്പോള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ അത് തെരഞ്ഞെടുത്തില്ലെന്നും ഉടമ കോടതിയെ അറിയിച്ചു.
ക്ലാസുകളില്‍ ഭവിക സംതൃപ്തയല്ലായിരുന്നുവെങ്കില്‍ രണ്ടാമതും അവര്‍ ഫീസ് അടയ്ക്കാന്‍ തയ്യാറാവില്ലായിരുന്നുവെന്നും സ്റ്റുഡിയോ ഉടമ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉടമയുടെ വാദങ്ങള്‍ അംഗീകരിച്ച കമ്മിഷന്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് ഭവികയെ അറിയിക്കുകയായിരുന്നു.