ഈ കേസിന്റെ സവിശേഷമായ സാഹചര്യത്തിൽ പാസ്‌പോർട്ടിൽ നിന്ന് കുട്ടിയുടെ പിതാവിന്റെ പേര് നീക്കം ചെയ്യാനും അച്ഛന്റെ പേരില്ലാതെ തന്നെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ പാസ്‌പോർട്ട് വീണ്ടും നൽകാനും കോടതി പാസ്പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി. ചില സാഹചര്യങ്ങളിൽ പിതാവിന്റെ നീക്കം ചെയ്യാമെന്നും കുടുംബപ്പേര് മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പാസ്‌പോർട്ട് മാനുവലിലും മറ്റും പിതാവിന്റെ പേരില്ലാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ പാസ്‌പോർട്ടുകൾ നൽകാമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ കേസിലും ഉയർന്നുവരുന്ന വസ്തുതയെ ആശ്രയിച്ച് അത്തരം ഇളവ് പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
advertisement
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പാസ്‌പോർട്ടിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും പ്രായപൂർത്തിയാകാത്ത മകനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. താനൊരു രക്ഷിതാവായതിനാലും പിതാവ് കുട്ടിയെ പൂർണമായി ഉപേക്ഷിച്ചതിനാലും കുട്ടിയ്ക്ക് പാസ്‌പോർട്ട് നൽകാൻ അധികൃതർ പിതാവിന്റെ പേര് വേണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. പരസ്പര ഒത്തുതീർപ്പിൽ കുട്ടി ജനിക്കുന്നതിന് മുമ്പു തന്നെ വിവാഹമോചനം നടന്നിരുന്നു എന്ന വസ്തുതയും ഹർജിക്കാരി കോടതി മുൻപാകെ പറഞ്ഞിരുന്നു.