പായൽ അബ്ദുള്ളയുടെ ക്രൂരതകളെക്കുറിച്ച് ഒമർ അബ്ദുള്ള നടത്തിയ വാദങ്ങൾ തെളിയിക്കാനായില്ലെന്ന കുടുംബകോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതിയും ശരിവെച്ചു. വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യ പായൽ അബ്ദുള്ള ക്രൂരത കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഒമർ അബ്ദുള്ള വിവാഹമോചന ഹർജി സമർപ്പിച്ചത്. ക്രൂരത, വേർപിരിഞ്ഞ് താമസിക്കൽ തുടങ്ങിയവയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
advertisement
പായൽ അബ്ദുള്ളക്ക് ജീവനാംശമായി ഒന്നര ലക്ഷം രൂപ നൽകണമെന്ന് നേരത്തേ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇവരുടെ രണ്ട് ആൺമക്കളുടെ വിദ്യാഭ്യാസത്തിനായി എല്ലാ മാസവും 60,000 രൂപ വീതം നൽകണമെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ ഉത്തരവാദിത്തവും സംരക്ഷണവും താൻ നിർവഹിക്കുന്നുണ്ടെന്നും ഭാര്യ തന്റെ സമ്പത്ത് പെരുപ്പിച്ചു കാണിക്കുകയാണെന്നും ഒമർ അബ്ദുള്ള ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ കുട്ടികളെ പരിപാലിക്കുന്നതിനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അവരെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ചെലവുകളുടെ ഭാരം അമ്മയ്ക്ക് മാത്രം വഹിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മക്കളെ ലോ കോളേജിൽ ചേർത്ത തീയതി മുതൽ ഈ തുക നൽകാനുള്ള കാലയളവ് ആരംഭിക്കുമെന്നും ബിരുദം നേടുന്നത് വരെ അത് തുടരണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടക നൽകുന്നതിനുള്ള മെയിന്റനൻസ് തുക വർദ്ധിപ്പിക്കണമെന്ന പായൽ അബ്ദുള്ളയുടെ ആവശ്യം കോടതി നിരസിച്ചു.