ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകും? നവകേരള ബസിൻ്റെ 308ൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം
- Published by:Vishnupriya S
- news18-malayalam
Last Updated:
മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്നും കോടതി
പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.
advertisement
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ചിലകാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകള്‍ തങ്ങളെ മര്‍ദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകര്‍, ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. പൊലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാന്‍ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എവിടെ?, അവരെ അറസ്റ്റ് ചെയ്‌തോ? കോടതിയില്‍ അവരെ കൊണ്ടുവരേണ്ടതല്ലേ?. ഈ പൊലീസുകാര്‍ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ പരാതി എഴുതി നല്‍കാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.
Location :
Perumbavoor,Ernakulam,Kerala
First Published :
December 11, 2023 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകും? നവകേരള ബസിൻ്റെ 308ൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം