വീട് നിർമാണത്തിന് ആവശ്യമായ പണം ഭാര്യയുടെ വീട്ടിൽ നിന്ന് നൽകാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു എന്നും ഇത് നൽകാത്തപക്ഷം ഭർത്താവ് തന്നെ മർദ്ദിക്കുമെന്ന് ഭാര്യ ഭയപ്പെട്ടിരുന്നുവെന്നും ആണ് ആരോപണം. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രോസിക്യൂഷന്റെ തെളിവുകൾ, ഐപിസി സെക്ഷൻ 498 എ പ്രകാരം സ്ഥാപിക്കാൻ പര്യാപ്തമല്ല എന്ന് കോടതി വ്യക്തമാക്കി. " സാധാരണ ജീവിതത്തിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ചെറിയ വഴക്കുകൾ ഐപിസി സെക്ഷൻ 498 എ പ്രകാരം കുറ്റം സ്ഥാപിക്കാൻ പര്യാപ്തമല്ല," എന്നാണ് കോടതിയുടെ വിലയിരുത്തൽ.
advertisement
കൂടാതെ മരിച്ച വ്യക്തി പ്രതിയുടെ മോശം പെരുമാറ്റത്തെക്കുറിച്ചോ പീഡനത്തെ കുറിച്ചോ മരണത്തിന് മുമ്പ് പരാതി നൽകിയതായി ഈ കേസിൽ തെളിവുകളില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയ്ക്ക് ശാരീരികമോ മാനസികമോ ആയ മർദനമേറ്റിരുന്നുവെങ്കിൽ, തീർച്ചയായും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
കേസിൽ ആശുപത്രിയിൽ ഭാര്യയെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ പ്രോസിക്യൂഷൻ മറച്ചുവെച്ചു. യുവതി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വസ്ത്രം ധരിച്ച ശേഷം അടുക്കളയിൽ പാൽ തിളപ്പിക്കുന്നതിനിടെ അബദ്ധത്തിൽ സാരിക്ക് തീപിടിച്ച് പൊള്ളലേറ്റതായി വസ്തുതകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വ്യക്തമാണ്. അതിനാൽ ഈ സംഭവത്തിൽ ക്രൂരതയോ പീഡനമോ സംബന്ധിച്ചുള്ള തൃപ്തികരമായ തെളിവുകളുടെ അഭാവത്തിൽ, പ്രതി കുറ്റക്കാരനല്ല എന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കൂടാതെ പ്രോസിക്യൂഷൻ ചികിത്സാ രേഖകൾ ഹാജരാക്കുകയോ മരിച്ചയാളെ ചികിത്സിച്ച ഡോക്ടറിൽ നിന്ന് വിവരങ്ങൾ തേടുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. അതോടൊപ്പം അപകടമരണവുമായി ബന്ധപ്പെട്ട ഭൗതിക തെളിവുകൾ പ്രോസിക്യൂഷൻ മറച്ചുവെച്ചതായും ഹൈക്കോടതി കൂട്ടിച്ചേർത്തു.