അരവണ എങ്ങനെ, എവിടെ വെച്ച് നശിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് ഏകദേശം ഏഴ് കോടി രൂപയുടെ നഷ്ടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി.
ശബരിമലയിലെ വിവിധ ഗോഡൗണുകളിലായാണ് കഴിഞ്ഞ ജനുവരി മുതല്‍ അരവണ ടിന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അരവണയില്‍ ഉപയോഗിച്ച ഏലയ്ക്കയിലെ കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപയോഗിക്കാവുന്ന കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഈ അരണവ ഇനി തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
advertisement
അരവണയുടെ വില്‍പ്പന തടഞ്ഞ ഹൈക്കോടതിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. ഏലയ്ക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വാണിജ്യ താത്പര്യമുള്ള വിഷയത്തിലെ ഹൈക്കോടതിയുടെ ഇത്തരം ഇടപെടലുകള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
‘ഗംഗാനദിയിലെ വെള്ളം മലിനം ആയിരിക്കാം. എന്നാല്‍ അതില്‍ മുങ്ങി കുളിക്കുമ്പോള്‍ പുണ്യം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പ്രസാദവും അത് പോലെയാണ്. ഇതൊക്കെ വിശ്വാസങ്ങളുടെ ഭാഗം ആണ്’- കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദങ്ങള്‍ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.