എംപിമാർ, എംഎൽഎമാർ എന്നിവരെ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക സെഷൻസ് കോടതി ജഡ്ജിയായ കെ ജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയെങ്കിലും ബന്ധപ്പെട്ട വൃത്തങ്ങൾ കാരണം വെളിപ്പെടുത്തിയിട്ടില്ല.
തെലങ്കാന എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും മറ്റ് നിരവധി ഉദ്യോഗസ്ഥർക്കും എതിരെ ഓഗസ്റ്റ് 11നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീനിവാസ് ഗൗഡ് 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃത്രിമം കാണിച്ചതിനാണ് സെഷൻസ് കോടതി നിർദേശത്തെ തുടർന്ന് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
advertisement
മെഹബൂബ്‌നഗറിലെ എംഎൽഎയായ ഗൗഡ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ച് “കൃത്രിമം” നടത്തിയെന്ന് ആരോപിച്ച് മെഹബൂബ്‌നഗർ സ്വദേശി നൽകിയ പരാതിയിലാണ് കോടതി വിഷയം പോലീസിന് കൈമാറിയത്.
ഗൗഡിനെ ഒന്നാം പ്രതിയാക്കിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും കൂട്ടുപ്രതികളാക്കിയുമാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിയുമായി ഒത്തുകളിച്ചതായാണ് പരാതിക്കാരന്റെ ആരോപണം.