വെറും കോഴികളെയല്ല ധോണി വളർത്താൻ പോകുന്നത്. പോഷക സമ്പുഷ്ടമായ കറുത്ത മാംസമുള്ള കരിങ്കോഴികളെയാണ്(കടകനാഥ് കോഴി) ധോണി വളർത്താൻ പോകുന്നത്. മധ്യപ്രദേശിലെ ബീലാഞ്ചൽ മേഖലയുടെ തനത് കോഴിയിനമായ കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞെന്നാണ് വാർത്തകൾ. ധോണിയുടെ റാഞ്ചിയിലുള്ള ഓർഗാനിക് ഫാമിലേക്ക് 2000 കുഞ്ഞുങ്ങളെയാണ് ഓർഡർ ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കർഷകനായ വിനോദ് മേധയാണ് ധോണിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കോഴിക്കുഞ്ഞുങ്ങളെ കൈമാറും. മൂന്ന് മാസങ്ങൾക്ക് മുമ്പ് ധോണിയുടെ ഫാം മാനേജർ കൃഷിവികാസ് കേന്ദ്ര വഴി താനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിനോദ് മേധ പറഞ്ഞു. അഞ്ച് ദിവസം മുമ്പാണ് രണ്ടായിരം കോഴിക്കുഞ്ഞുങ്ങൾക്ക് ഓർഡർ ലഭിച്ചതെന്നും അഡ്വാൻസ് പേമെന്റ് ലഭിച്ചുവെന്നും വിനോദ് മേധ പറഞ്ഞു. ധോണിയെപ്പോലൊരു താരത്തിന് കോഴിക്കുഞ്ഞുങ്ങളെ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
43 ഏക്കർ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളർത്തലുമെല്ലാം ഉൾപ്പെടുന്ന ഫാമാണിത്. സഹിവാൾ ഇനം പശുക്കളാണ് ഇവിടെ ധാരാളമുളളത് . അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി–താറാവ് എന്നിവയും ഇവിടെയുണ്ട്. മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്‍റെ പ്രത്യേകത.
