ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കാണാൻ റാഞ്ചി സ്റ്റേഡിയത്തിലെത്തിയ മഹേന്ദ്ര സിങ് ധോണി വാർത്തയിലെ താരമായത് ഒരു വണ്ടിയുടെ പേരിലാണ്. മത്സരശേഷം ധോണി മടങ്ങിയത് നിസാൻ ജോൻഗ എസ്.യു.വിയിലാണ്. ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന വാഹനമാണിത്. ഇന്ത്യൻ സൈന്യത്തിനുവേണ്ടി ഏറെ പ്രചാരം നൽകുന്ന വ്യക്തികളിൽ ഒരാളായതിനാലാണോ നിസാൻ ജോൻഗ ധോണി സ്വന്തമാക്കിയത്? അടുത്തിടെ കശ്മീരിൽ 15 ദിവസം സൈന്യത്തോടൊപ്പം ധോണി ചെലവഴിച്ചിരുന്നു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്‍റ് കോണലാണ് ധോണി.
![]()
ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന നിസാൻ ജോൻഗ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ധോണി സ്വന്തമാക്കിയത്. പഞ്ചാബിൽനിന്നാണ് ധോണി ജോൻഗ വാങ്ങിയത്. 1965 മുതൽ 1999 വരെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന വാഹനമാണ് നിസാൻ ജോൻഗ. പ്രധാനമായും ഓഫ് റോഡ് പെട്രോളിംഗിനായാണ് നിസാൻ ജോൻഗ ഉപയോഗിച്ചിരുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന വാഹനം ഇന്ത്യൻ സൈന്യം ഒഴിവാക്കിയതോടെയാണ്, ഇത് പലരും ലേലത്തിൽ സ്വന്തമാക്കിയത്. ലേലത്തിൽ സ്വന്തമാക്കുന്ന വാഹനം അഴിച്ചുപണി നടത്തി ഉപയോഗിക്കുകയോ വിൽക്കുകയോ ആണ് മിക്കവരും ചെയ്തിട്ടുള്ളത്.
നിസാൻ ജോൻഗ- പ്രത്യേകതകൾ1960ലാണ് നിസാൻ ജോൻഗ എന്ന പേരിൽ 4X4 ഡ്രൈവ് എസ്.യു.വി പുറത്തിറക്കുന്നത്. ഇതിന്‍റെ കസ്റ്റമൈസ്ഡ് പതിപ്പ് ഇന്ത്യൻ സൈന്യത്തിനായി പ്രത്യേകം നിർമിച്ചു നൽകുകയും ചെയ്തു. ജബൽപുർ ഫാക്ടറിയിലാണ് സൈന്യത്തിനുവേണ്ടിയുള്ള ജോൻഗ നിർമിച്ചിരുന്നത്. 6 സിലിണ്ടർ 3965 സിസി പെട്രോൾ എഞ്ചിനാണ് ജോൻഗയുടേത്. 3200 ആർപിഎമ്മിൽ 110 എച്ച്പി കരുത്ത് നൽകുന്നതാണ് ജോൻഗയുടെ എഞ്ചിൻ. ടു സ്പീഡ് മാന്വൽ ഗീയർ, ഫുള്ളി ഫ്ലോട്ടഡ് ഫ്രണ്ട് ആക്സിൽ, വോം ആൻഡ് റോളർ സ്റ്റിയറിങ്, ഹൈഡ്രോളിക് ബ്രേക്ക് എന്നിവയൊക്കെ ജോൻഗയുടെ സവിശേഷതകളാണ്.
വാഹനകമ്പംധോണിയുടെ വാഹനകമ്പം പണ്ടേ അങ്ങാടിപ്പാട്ടാണ്. ബൈക്കുകളും കാറുകളും മുൻ ഇന്ത്യൻ നായകന് എന്നും ഹരമാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ അക്കാര്യം സോഷ്യൽ മീഡിയയിലൂടെ പറയാനും ധോണിക്ക് മടിയില്ല. കഴിഞ്ഞ തവണ ജാർഖണ്ഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ധോണി കാവസാകി നിൻജ എച്ച് 2 ബൈക്കിൽ മടങ്ങുന്ന വീഡിയോയും വൈറലായിരുന്നു. അതിന് മുമ്പ് ഹമ്മർ സ്വന്തമാക്കിയതും വലിയ വാർത്തയായിരുന്നു. ഹമ്മർ എച്ച് 2, ജോൻഗ, എന്നിവയ്ക്ക് പുറമെ മഹീന്ദ്ര സ്കോർപിയോ, മിസ്തുബിഷി പജീറോ, ജിഎംസി സിയേറ എന്നിവയും ധോണിയുടെ കാർ ശേഖരത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.