മുറിവുകള്‍ സുഖപ്പെടുത്തുന്നതിലും കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിനുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചില വിറ്റാമിനുകളുടെ കുറവ് സ്‌കര്‍വി, അനീമിയ, റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍, അധികമായി ഈ പോഷകങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത് ചില പാര്‍ശ്വഫലങ്ങൾക്കും കാരണമാകും എന്നതാണ് അത്ര അറിയപ്പെടാത്ത ഒരു വസ്തുത.
വിറ്റാമിന്‍ ഡിയുടെ (Vitamin D) കുറവ് ലോകമെമ്പാടും വ്യാപകമാണെങ്കിലും, ഇന്ത്യക്കാര്‍ക്കിടയില്‍ ഇത് വളരെ സാധാരണമാണ്. ഏകദേശം 76% ഇന്ത്യക്കാര്‍ക്കും മതിയായ അളവില്‍ വിറ്റാമിന്‍ ഡി ഇല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായി കാണപ്പെടുന്നവരോട് സൂര്യപ്രകാശം ഏല്‍ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, ഇതിനുള്ള അസൗകര്യം കാരണം ആളുകള്‍ പലപ്പോഴും വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുകയാണ് പതിവ്.
advertisement
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയാണെങ്കില്‍ അത് ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം.
വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ അമിതമായി കഴിച്ചാല്‍ ഉണ്ടാകുന്ന ചില സങ്കീര്‍ണതകള്‍ ഇവയൊക്കെയാണ്:
വൃക്കകള്‍ക്ക് തകരാറ്
അമിതമായി വിറ്റാമിന്‍ ഡി കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മിക്ക പാര്‍ശ്വഫലങ്ങളും രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ഉയരുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് ശരീരകലകളെ മാത്രമല്ല അവയവങ്ങളെ പോലും ബാധിക്കും. വൃക്കകള്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ ഇത് കാരണമാകുന്നു. ഇത് സ്ഥിരമായി തുടരുന്നത് വൃക്കളെ പൂര്‍ണ്ണമായും തകരാറിലാക്കിയേക്കാം.
Also Read- Green Peas | ഗ്രീൻപീസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
പെട്ടെന്ന് പൊട്ടുന്ന അസ്ഥികള്‍
രക്തത്തിലെ ഉയര്‍ന്ന കാല്‍സ്യത്തിന്റെ അളവ് ധാതുക്കളെ അസ്ഥികളുമായി ബന്ധിപ്പിക്കാന്‍ ഹോര്‍മോണിനെ അനുവദിക്കില്ല, ഇത് ഗുരുതരമായ അസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പുറം വേദന, സന്ധി വേദന, അസ്ഥികള്‍ക്ക് വേദന, കൂന് എന്നിവ അനുഭവപ്പെടാന്‍ ഇത് കാരണമാകും.
ശ്വാസകോശത്തിലെ തകരാറുകൾ
നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഉയരുന്നത് രക്തത്തില്‍ കാല്‍സ്യം, ഫോസ്‌ഫേറ്റ് പരലുകള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കും. ഈ പരലുകള്‍ ശ്വാസകോശം പോലുള്ള അവയവങ്ങളില്‍ അടിഞ്ഞുകൂടുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍
അമിതമായ അളവില്‍ വിറ്റാമിന്‍ ഡി കഴിക്കുന്നത് നിങ്ങളുടെ കുടലിനെ പ്രശ്‌നത്തിലാക്കും. കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് വിശപ്പില്ലായ്മ, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും. മനംപിരട്ടലും ഛര്‍ദ്ദിയും പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങള്‍
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് അമിതമാകുന്നത് നിങ്ങളുടെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് മാത്രമല്ല കേടുപാടുകള്‍ വരുത്തുന്നത്. നിങ്ങളുടെ മാനസികാരോഗ്യത്തെയും അത് പ്രതികൂലമായി ബാധിച്ചേക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമാകുന്നത് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വിറ്റമിന്‍ ഡിയുടെ അളവ് അമിതമായവരില്‍ വിഷാദം, മതിഭ്രമം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
