ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ച് ആഗോളതലത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ, കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സർക്കാർ ക്ലിയറൻസ് ലഭിക്കണം എന്ന കാര്യം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകൾ പരിശോധിച്ചു വരികയാണ്.
54 കമ്പനികളിൽ നിന്നും ലഭിച്ച 128 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്‌സിഒ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സർക്കാർ ലാബുകളിലാണ് പരിശോധന നടത്തിയത്.
advertisement
''ഗുജറാത്ത് ടെസ്റ്റിംഗ് ലാബിൽ 385 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 20 കമ്പനികൾ നിർമിച്ച 51 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി. മുംബൈയിലെ ടെസ്റ്റിംഗ് ലാബിൽ 523 സാമ്പിളുകൾ വിശകലനം ചെയ്തു, അതിൽ 10 കമ്പനികൾ അയച്ച 18 സാമ്പിളുകൾക്കും ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല. ചണ്ഡീഗഡിലെ ലാബിൽ 284 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 10 കമ്പനികളിൽ നിന്നുള്ള 23 സാമ്പിളുകൾ ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തി. ഗാസിയാബാദ് ലാബിൽ 502 സാമ്പിളുകൾ വിശകലനം ചെയ്തു, ഇതിൽ 9 കമ്പനികളിൽ നിന്നുള്ള 29 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി'', സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Also Read- ഇന്ത്യയിൽ നിന്നും കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ പരിശോധിക്കാൻ സംവിധാനം
''കയറ്റുമതി ചെയ്യാനുള്ള കഫ് സിറപ്പുകളുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പതിവ് രീതിയാണ് ഇവിടെയും സ്വീകരിച്ചത്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പരിശോധനയിൽ പരാജയപ്പെട്ടവർക്ക്, ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി വീണ്ടും കഫ് സിറപ്പുകൾ നിർമിക്കാനും അവ വീണ്ടും പരിശോധനയ്ക്ക് അയക്കാനും സാധിക്കും. ഗുണനിലവാരം സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഈ കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യാൻ കഴിയൂ. ഇത് ഞങ്ങൾ കൃത്യമായി പരിശോധിക്കും'', സർക്കാർ ഉദ്യോഗസ്ഥർ സിഎൻബിസി ന്യൂസ് 18 നോട് പറഞ്ഞു.