ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളാണ് ആദ്യം എഗ്ലിന് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ അവഗണിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം വലിയൊരു ജീവി കടിച്ചെടുത്ത പോലെ ആയിരുന്നുവെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അവര്‍ പറഞ്ഞു. ജനുവരി 20-നാണ് എഗ്ലിന്റെ ശരീരം ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. അഞ്ച് ദിവസത്തിന് ശേഷം ആശുപത്രിയിലെത്തിയ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അവരുടെ ഇടതു നിതംബത്തില്‍ വലിയൊരു കറുപ്പുനിറം ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ജീവനുതന്നെ ഭീഷണിയായ ബാക്ടീരിയ മൂലമുള്ള അണുബാധയായ നാര്‍ക്കോടൈസിങ് ഫസിറ്റിസ് ആണെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിന്റെ മൃദുവായ കോശങ്ങളെ ബാക്ടീരിയ തിന്നുതീര്‍ക്കുന്ന അവസ്ഥയാണിത്.
advertisement
ഒന്‍പത് ദിവസത്തോളം അവര്‍ അബോധാവസ്ഥയില്‍ തുടര്‍ന്നു. ശരീരത്തില്‍ അണുബാധ ബാധിച്ച കോശങ്ങളും പേശികളും നീക്കം ചെയ്യുന്നതിനായി മൂന്ന് സര്‍ജറികളാണ് നടത്തേണ്ടി വന്നത്. എഗ്ലിന്‍ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത പത്തുശതമാനം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു.
''ഞാന്‍ ജീവിതത്തിലേക്ക് തിരികെ വരുമോ എന്നറിയാതെ എന്റെ ഭര്‍ത്താവിന് ആംബുലന്‍സിന്റെ പുറകെ ഓടേണ്ടി വന്നു,'' എഗ്ലിന്‍ പറഞ്ഞു. ''അത് വളരെ ആഘാതമുണ്ടാക്കുന്ന അനുഭവമായിരുന്നു. എന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടു, എഗ്ലിന്‍ പറഞ്ഞു. ശരീരഭാരം വളരെയധികം കുറഞ്ഞു. വീണ്ടും നടക്കാന്‍ പഠിക്കേണ്ടി വന്നു. ഇപ്പോള്‍ പോലും എനിക്ക് ഇരിക്കാന്‍ കഴിയില്ല. എവിടെപോയാലും ഒരു പ്രത്യേക തലയിണ കൂടെ കരുതണം, ''അവര്‍ പറഞ്ഞു.
എഗ്ലിന്റെ ശരീരം അസാധാരണമായി വിയര്‍ക്കുകയും അവര്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭര്‍ത്താവ് നെതര്‍ലന്‍ഡിലെ ഗെല്‍ഡാര്‍ലാന്‍ഡ് വാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, എഗ്ലിന്റെ അണുബാധയുടെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ശരീരത്തിലുണ്ടായ ചെറിയ മുറിവിലൂടെയോ ആകാം ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
''ഏറ്റവും മോശമായ കാര്യത്തിനെ സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊള്ളാന്‍ ഡോക്ടര്‍മാര്‍ എന്റെ കുടുംബത്തോട് പറഞ്ഞു. ഞാന്‍ തിരിച്ചുവരുമെന്ന് അവര്‍ കരുതിയില്ല. ഒന്‍പത് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്ന ശേഷം ഞാന്‍ തിരികെ വന്നു. മറ്റൊരു ലോകത്ത് എത്തിയതുപോലെയായിരുന്നു എന്റെ അവസ്ഥ,'' എഗ്ലിന്‍ പറഞ്ഞു. ''ഡച്ച് ഭാഷ സംസാരിക്കേണ്ടത് എങ്ങനെയെന്ന് പോലും മറന്നുപോയി. ദിവസം രണ്ട് മണിക്കൂറോളം സമയമെടുത്താണ് നഴ്‌സുമാര്‍ എന്റെ മുറിവ് വൃത്തിയാക്കി ബാന്‍ഡേജ് കെട്ടിയിരുന്നത്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ശരീരത്തിലെ മലം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന കൊളോസ്‌റ്റോമി ബാഗ് ജീവിതകാലം മുഴുവന്‍ അവര്‍ക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്.
ആറ് ആഴ്ചയോളമാണ് എഗ്ലിന്‍ ആശുപത്രിയില്‍ തുടര്‍ന്നത്. പിന്നീട് അവരെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ ആഴ്ചകളോളം ഫിസിയോതെറാപ്പി, സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി എന്നിവയ്ക്ക് വിധേയമായി.
Also Read- 'ഉകെറ്റാമോ': ഏത് പ്രതിസന്ധിയും ശാന്തമായി നിലകൊണ്ട് മുന്നോട്ട് ജീവിക്കാൻ ഒരു ജാപ്പനീസ് തന്ത്രം
''ശരീരം ആകെ മാറിപ്പോയിരുന്നു. ദൈനംദിന കാര്യങ്ങളെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടി. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയായിരുന്നു. ശബ്ദം പോലും മാറിപ്പോയി. നടക്കേണ്ടത് എങ്ങനെയെന്ന് പോലും പഠിക്കേണ്ടി വന്നു, അവര്‍ പറഞ്ഞു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പഴയപോലെയാകാന്‍ വളരെയധികം വേദനയനുഭവിക്കേണ്ടി വന്നു. എന്നാല്‍, മാനസികമായാണ് ഞാന്‍ ഏറെ ബുദ്ധിമുട്ടിയത്'', അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവം ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചുവെന്നും എഗ്ലിന്‍ പറഞ്ഞു. കുടുംബവുമായുള്ള തന്റെ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. ഭര്‍ത്താവിനോട് മുമ്പില്ലാത്ത വിധം പ്രത്യേക അടുപ്പം തോന്നിപ്പിച്ചു. ഞങ്ങളുടെ ബന്ധം വളരെയധികം മെച്ചപ്പെട്ടു, അവര്‍ പറഞ്ഞു.
ശരീരം രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും അവര്‍ ഉപദേശിച്ചു. ''ഭര്‍ത്താവിന്റെ വേഗത്തിലുള്ള ഇടപെടലും ഡോക്ടര്‍മാരുടെ മെച്ചപ്പെട്ട പരിചരണവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെയുണ്ടാകുമായിരുന്നില്ല'', എഗ്ലിന്‍ പറഞ്ഞു.