രക്തസമ്മര്‍ദ്ദം (Blood Pressure)
നിങ്ങളുടെ ഹൃദയാരോഗ്യം പരിശോധിക്കുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രക്തസമ്മര്‍ദ്ദം. രണ്ട് തരത്തിലുള്ള രക്തസമ്മര്‍ദ്ദമാണ് ഉള്ളത്. ആദ്യത്തേത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദവും രണ്ടാമത്തേത് ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദവുമാണ്. രക്തസമ്മര്‍ദ്ദ നില പരിശോധിച്ച് രോഗിക്ക് രക്തസമ്മര്‍ദ്ദം കൂടുതലാണോ കുറവാണോ എന്ന് ഡോക്ടര്‍ക്ക് നിര്‍ണ്ണയിക്കാനാകും. ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മര്‍ദ്ദ നില 120/80 ആണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar Level)
രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തത്തില്‍ കലര്‍ന്ന പഞ്ചസാരയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നും ഇതിനെ വിളിക്കാറുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ച് ഒരു ദിവസത്തിനുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഷുഗര്‍ പരിശോധിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിന്റെ കാരണം ഇതാണ്.
advertisement
രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട മറ്റൊരു ഘടകമാണ് ഇന്‍സുലിന്‍. ഇത് നിങ്ങളുടെ രക്തത്തില്‍ നിന്ന് കോശങ്ങളിലേക്ക് പഞ്ചസാര നീക്കം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഹോര്‍മോണാണ്. പ്രമേഹമുള്ളവര്‍ക്ക് ഇന്‍സുലിന്‍ അളവ് കുറയുകയും ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. പഞ്ചസാരയുടെ അളവ് കൂടുന്നത് നിങ്ങളുടെ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും.
ബോഡി മാസ് ഇന്‍ഡക്‌സ് (Body Mass Index)
ഒരാളുടെ ഉയരവും ഭാരവും കണക്കാക്കിയാണ് ബോഡി മാസ് ഇന്‍ഡക്‌സ് അല്ലെങ്കില്‍ ബിഎംഐ കണക്കാക്കുന്നത്. ബിഎംഐ യൂണിറ്റ് 18 മുതല്‍ 25 വരെയുള്ളത് ആരോഗ്യകരമാണെന്നാണ് കണക്കാക്കുന്നത്. 18-ന് താഴെയുള്ളത് ഭാരക്കുറവും 25-ന് മുകളിലുള്ളത് അമിതഭാരവും ആണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ബിഎംഐ 30ന് മുകളിലാണെങ്കില്‍ ആ വ്യക്തിയെ പൊണ്ണത്തടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഒരു വ്യക്തിക്ക് ഗുരുതരമായ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി.
കൊളസ്‌ട്രോള്‍ നില (Total Cholestrol Level)
രക്തത്തിലൂടെയാണ് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വിതരണം ചെയ്യുന്നത്. നമ്മള്‍ കഴിച്ച ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് കൊളസ്‌ട്രോള്‍. പ്രധാനമായും രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളാണ് ഉള്ളത്. എച്ച്ഡിഎല്‍ (നല്ല കൊളസ്‌ട്രോളും), എല്‍ഡിഎല്‍ (ചീത്ത കൊളസ്‌ട്രോളും). നിങ്ങളുടെ രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകും. ഇത് ഒരു വ്യക്തിക്ക് ഹൃദയാഘാതമോ മസ്തിഷ്‌കാഘാതമോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഉറക്കം (Sleeping Hours)
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ മറ്റൊരു പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് നിങ്ങളുടെ ഉറക്കമാണ്. ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഒരാള്‍ എട്ട് മണിക്കൂര്‍ ഉറങ്ങണം.
