ചർമ്മത്തിലും അതിനു താഴെയുള്ള ടിഷ്യൂകളിലും ഉണ്ടാകുന്ന അപൂർവ അണുബാധയാണ് നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന് വിളിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. രോഗനിർണയം നടത്തി വേഗത്തിൽ ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിന് വരെ ഈ അസുഖം കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.
മൃൺമോയ് റോയ് എന്നയാളാണ് അപൂർവ അണുബാധ ബാധിച്ച് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ മാദ്യമഗ്രാമം സ്വദേശിയായ മൃൺമോയ് റോയ് ട്രെയിനിൽ നിന്ന് വീണ് പരിക്ക് പറ്റിയിരുന്നു. ട്രെയിനിൽ നിന്ന് വീണ് ഇടുപ്പിന്റെ താഴെയായി ഇരുമ്പ് ദണ്ഡ് കുത്തിക്കയറിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്.
advertisement
Also Read- മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന 39 കാരന് ഗുരുതര രോഗം
പരിക്കേറ്റ മൃൺമോയിയെ സ്ഥലത്തെ നഴ്സിങ് ഹോമിൽ ഒരാഴ്ച്ച ചികിത്സിച്ചിരുന്നു. ഇതിനു ശേഷം ഒക്ടോബർ 23ന് ആരോഗ്യനില വഷളായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗിക്ക് കടുത്ത ശ്വാസതടസ്സവും ശരീരത്തിൽ വിഷാംശവും ഉള്ള നിലയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസറായ ഹിമാൻഷു റോയ് പറയുന്നു. ഉടൻ തന്നെ സർജറി ഐസിയുവിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ ആരംഭിച്ചു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രോഗിയുടെ ശരീരത്തിൽ നെക്രോടൈസിംഗ് ഫാസിയൈറ്റിസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് വീണപ്പോഴുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കയറിയതായാണ് സംശയിക്കുന്നത്. ഇടുപ്പിന് താഴേയും ജനനേന്ദ്രിയത്തിലും അണുബാധ വ്യാപിച്ചിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രോഗിയിൽ അണുബാധ ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. തീവ്രത കൂടിയ ആൻറിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല.
എന്താണ് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ആദ്യം രക്തക്കുഴലുകളെ ആക്രമിച്ച് നാഡീരക്ത പ്രതിബന്ധനം ഉണ്ടാക്കുന്നു. തുടർന്ന് കോശത്തിലേക്കും മസിലുകളിലേക്കുമുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഒടുവിൽ രക്തപ്രവാഹം പൂർണമായും തടസ്സപ്പെടുത്തും. മദ്യപാനിയായിരുന്ന മൃൺമോയിയുടെ കുറഞ്ഞ പ്രതിരോധശേഷിയും രോഗ്യവ്യാപനത്തിന്റെ ആക്കം കൂട്ടി.