2002 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ആരോഗ്യ പരിശോധന നടത്തിയ ഏകദേശം 30 മില്ല്യണ്‍ കൊറിയന്‍ സ്വദേശികളുടെ ചികിത്സാ വിവരങ്ങള്‍ വിശകലനം ചെയ്തും അവരില്‍ ശ്വാസകോശം, കരള്‍, ആമാശയം, വന്‍കുടല്‍ എന്നിവയുള്‍പ്പടെ ബാധിച്ച കാന്‍സര്‍ കേസുകള്‍ രേഖപ്പെടുത്തിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനകാലയളവില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ക്ക് കാന്‍സര്‍ രോഗനിര്‍ണയം നടത്തി.''പ്രായഭേദമന്യേ പുകവലി ഉപേക്ഷിക്കുന്നത് കാന്‍സറിനെ, പ്രത്യേകിച്ച് ശ്വാസകോശ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മധ്യവയസ്സിന് മുമ്പ് പുകവലി ഉപേക്ഷിക്കുന്നത് കാന്‍സര്‍ പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു,'' പഠനത്തിന് നേതൃത്വം നല്‍കിയ സോളിലെ നാഷണല്‍ കാന്‍സര്‍ സെന്ററിലെ ഡോ. ജിന്‍ ക്യോങ് ഒയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.
advertisement
Also read-ഒൻപതുകാരി കാൻസർ രോഗമുക്തയായി; ഇന്ത്യയിൽ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു
ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരാശരി 13 വര്‍ഷവും അഞ്ച് മാസവുമായി പുകവലി ഉപേക്ഷിച്ചവരില്‍ ശ്വാസകോശ അര്‍ബുദം പിടിപെടാനുള്ള സാധ്യത 42 ശതമാനവും കരളിനെ ബാധിക്കുന്ന അര്‍ബുദ സാധ്യത 27 ശതമാനവും വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ സാധ്യത 20 ശതമാനവും ആമാശയത്തെ ബാധിക്കുന്ന അര്‍ബുദ സാധ്യത 14 ശതമാനവും കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. യുകെയില്‍ ഓരോ വര്‍ഷവും ആകെ സംഭവിക്കുന്ന മരണങ്ങളില്‍ കാല്‍ഭാഗവും കാന്‍സര്‍ മൂലമാണ്. ശ്വാസകോശ കാന്‍സര്‍ ഇതില്‍ സാധാരണമാണ്.
പുകവലിക്കുന്നത് ശ്വാസകോശം, മൂത്രാശയം, ആമാശയം, കുടല്‍, വൃക്ക, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന 15 വ്യത്യസമായ കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 50 വയസ്സിന് മുമ്പ് പുകവലി ഉപേക്ഷിക്കുന്നവരില്‍ ശ്വാസകോശ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത 57 ശതമാനത്തോളം കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. 50 വയസ്സിലും അതിനുശേഷവും പുകവലിക്കുന്നത് ഉപേക്ഷിക്കുന്നവരില്‍ ശ്വാസകോശ അര്‍ബുദം പിടിപെടാനുള്ള സാധ്യത 40 ശതമാനത്തോളമാണ് കുറയുന്നത്. ഏത് പ്രായത്തിൽ പുകവലി ഉപേക്ഷിച്ചാലും ആരോഗ്യപരമായ നേട്ടങ്ങള്‍ അത് മൂലമുണ്ടാകും, ഡോ. ജിന്‍ ക്യോങ് പറഞ്ഞു.