ലോകാരോഗ്യ സംഘടനയുടെ (WHO - World Health Organisation) കണക്കനുസരിച്ച് 2020ല്‍ ഈ വിട്ടുമാറാത്ത രോഗം മൂലം മൊത്തം 7,69,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന ആമാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. രോഗം വികസിക്കാന്‍ സമയമെടുക്കുന്നതുകൊണ്ട് തന്നെ, ഇത് ആമാശയത്തിന് പുറത്തേക്ക് വ്യാപിച്ചതിന് ശേഷം മാത്രമേ കണ്ടെത്താനാകൂവെന്ന് cancer.org പറയുന്നു.
ആമാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
ക്ഷീണം, ഭാരം കുറയല്‍, വിശപ്പില്ലായ്മ, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, രക്തം കലര്‍ന്ന അല്ലെങ്കില്‍ കറുത്ത മലം, നെഞ്ചെരിച്ചില്‍ ഇവയാണ് ഈ രോഗത്തിന്റെ പൊതുവായ ചില ലക്ഷണങ്ങള്‍. ആമാശയ അര്‍ബുദമുള്ള ആളുകള്‍ക്ക് ഭക്ഷണം കഴിച്ചതിനുശേഷം വയറു വീര്‍ക്കുന്നതായി ആരോഗ്യ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കന്‍ മാധ്യമം വെബ്എംഡി (WebMD) പറയുന്നു.
advertisement
അപകട ഘടകങ്ങള്‍ എന്തൊക്കെയാണ്?
രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം ആമാശയ അര്‍ബുദത്തിനുള്ള അപകട ഘടകങ്ങള്‍ തിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. വെബ്എംഡി റിപ്പോര്‍ട്ട് പ്രകാരം, പുകയിലയുടെ ഉപയോഗം, പൊണ്ണത്തടി, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം, പൊടിയും പുകയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒക്കെ ആമാശയ അര്‍ബുദത്തിന് കാരണമാകും.
ആമാശയ അര്‍ബുദത്തിനുള്ള ചികിത്സ
ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോളജി അല്ലെങ്കില്‍ ഈ ചികിത്സകളുടെ സംയോജനം തുടങ്ങിവയെല്ലാം ആമാശയ അര്‍ബുദം ചികിത്സിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളാണ്. അര്‍ബുദം ആമാശയത്തില്‍ മാത്രമായി പരിമിതപ്പെട്ട് നില്‍ക്കുകയാണോ, അതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍ നിശ്ചയിക്കുക. കൂടാതെ രോഗിയുടെ പ്രായവും ആരോഗ്യവും ചികിത്സാ മാര്‍ഗ്ഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കും. അര്‍ബുദത്തിന്റെ സ്ഥാനവും ചികിത്സാ മാര്‍ഗ്ഗങ്ങളെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് വായയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന അന്നനാളത്തിലെ ഭാഗങ്ങളിൽ ആരംഭിക്കുന്നതോ വ്യാപിക്കുന്നതോ ആയ അര്‍ബുദങ്ങള്‍ക്ക് അന്നനാളത്തിലെ അര്‍ബുദം പോലെ തന്നെയായിരിക്കും ചികിത്സ നടത്തുക.
അര്‍ബുദം
കോശങ്ങളുടെ അസാധാരണമായ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് (കോശവളര്‍ച്ച) അര്‍ബുദം അഥവാ ക്യാൻസർ എന്ന രോഗാവസ്ഥ. സാധാരണ ശരീരകോശങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ രാസവസ്തുക്കളാലോ, പ്രസരണങ്ങളാലോ രോഗാണുക്കളാലോ മറ്റു പ്രേരക ജീവിത ശൈലികളാലോ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ആ സാധാരണ കോശങ്ങള്‍ അര്‍ബുദകോശമായി മാറുന്നു.
