അസഹിഷ്ണുതയിലൂടെ സൃഷ്ടിക്കപ്പെടുന്ന നെഗറ്റിവിറ്റിയെക്കുറിച്ച് ആളുകൾ ബോധവാന്മാരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചതോടെയാണ് ഇങ്ങനെ ഒരു ദിനാചരണം എന്ന ആശയം ഉടലെടുത്ത്. തുടർന്ന് പൊതുസമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സഹിഷ്ണുത സമൂഹത്തിന്റെ മുഖ്യഘടകമായി പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎൻ (UN) ജനറൽ അസംബ്ലി ഈ ദിനാചരണം നടപ്പിലാക്കിയത്.
1995ൽ യുഎൻ സഹിഷ്ണുതയ്ക്കായി ഒരു വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. അതേ വർഷം നവംബർ 16ന് യുനെസ്കോ (UNESCO) സഹിഷ്ണുത സംബന്ധിച്ച ചില തത്വങ്ങളും രൂപീകരിച്ചു. 1995ൽ മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം ആചരിക്കാൻ യുഎൻ തീരുമാനിച്ചു.
advertisement
യുഎന്നിന്റെ ഗുഡ്‌വിൽ അംബാസഡറായിരുന്ന മദൻജീത് സിംഗ് (Madanjeet Singh) ആണ് ആ വർഷത്തെ ആഘോഷങ്ങൾ സ്‌പോൺസർ ചെയ്‌തിരുന്നത്. സഹിഷ്ണുതയിലൂടെ സാമുദായിക സൗഹാർദ്ദവും സമാധാനവും സ്ഥാപിക്കാൻ മദൻജീത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.
അതിനാൽ, ഈ വാർഷിക ദിനാചരണം മദൻജീത് സിംഗിനോടുള്ള ആദരസൂചകമായും അടയാളപ്പെടുത്തുന്നു. ഈ മഹത്തായ ദിനാചരണത്തിന്റെ ഭാഗമായി സഹിഷ്ണുത അല്ലെങ്കിൽ അഹിംസ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ ഒരു അവാർഡും പ്രഖ്യാപിച്ചു. യുനെസ്‌കോ-മദൻജീത് സിംഗ് പുരസ്‌കാരമാണിത്. ശാസ്ത്രം, കലകൾ, സംസ്കാരം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകിയിട്ടുള്ള വ്യക്തികളെയാണ് ഈ അവാർഡ് നൽകി ആദരിക്കുന്നത്.
അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തിന്റെ പ്രാധാന്യം
സമൂഹത്തിൽ നിലവിൽ വർധിച്ചു വരുന്ന അക്രമങ്ങൾ സഹിഷ്ണുതയുടെ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സഹിഷ്ണുത ഒരു മനുഷ്യാവകാശമാണെന്ന വസ്‌തുത പൊതുജനങ്ങളിൽ എത്തിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം തുറന്ന മനസ്സിനെയും തുറന്ന കേൾവിയെയും പ്രോത്സാഹിപ്പിക്കുന്നു. അഹിംസയും സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ താക്കോലാണ്. സംസ്‌കാരങ്ങളിലെ വൈവിധ്യം അംഗീകരിക്കുകയും എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളിലും വംശങ്ങളിലും വിശ്വാസങ്ങളിലും ആശയങ്ങളിലും ഉള്ള സൗന്ദര്യത്തെ വില മതിക്കുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുക. അസഹിഷ്ണുതയുടെ ദോഷഫലങ്ങളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക എന്നതൊക്കെയാണ് ഈ ദിനത്തിൽ നമുക്ക് ചെയ്യാൻ കഴിയുക.
സഹിഷ്ണുത ഒരു ധാർമ്മിക ബാധ്യത മാത്രമല്ല. ഈ കാലഘട്ടത്തിലെ അനിവാര്യമായ ആവശ്യമാണ് എന്ന വസ്തുതയാണ് ഈ ദിവസം നാം മനസ്സിലാക്കേണ്ടത്. ഈ വർഷത്തെ അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തിന്റെ തീം 'സഹിഷ്ണുത എന്നത് നമ്മുടെ ലോക സംസ്കാരങ്ങളുടെ സമ്പന്നമായ വൈവിധ്യത്തോടും ആവിഷ്‌കാര രൂപങ്ങളോടും മനുഷ്യത്വത്തോടുമുള്ള ആദരവും അംഗീകാരവുമാണ് ' എന്നതാണ്.
Summary: International Day for Tolerance 2021: What propelled the idea was the increasing need to ensure people are aware of the negativity that stems from intolerance
