വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നു, അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാമുണ്ണി, നീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകൻ കേളിയാടും, നെയ്യാറ്റിൻകര വാഴും കണ്ണാ, എന്നിങ്ങനെ ഓരോ ഗാനവും സൂപ്പർ ഹിറ്റ് . സംഗീത കാസറ്റ്സ് പുറത്തിറക്കിയ ആൽബം ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ മലയാളികൾക്കിടയിലും തമിഴകത്തും കേശവൻ നമ്പൂതിരി എന്ന പേര് പതിഞ്ഞു. യേശുദാസിന്റെ ആഗ്രഹപ്രകാരം തരംഗിണിയുടെ വനമാലക്കായി പുഷ്പാഞ്ജലിയുടെ ശിൽപികൾ വീണ്ടും ഒന്നിച്ചു.
advertisement
യേശുദാസിന്റെ അനുഗൃഹീത ശബ്ദത്തിൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനങ്ങൾ ഒന്നൊഴിയാതെ മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങി. കലോത്സവ വേദികളിലും ഈ ഗാനങ്ങൾ പ്രതിധ്വനിച്ചു. ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ , ആയിരം നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ, അണ്ഡകടാഹങ്ങൾ ചിറകടിച്ചുയരുന്നു അഗ്രേ പശ്യാമി, ഓരോ ജീവന്റെ ചുണ്ടിലുമുണരുന്നു ഓം നമോ നാരായണായ, ഗാനമോരോന്നും ഒന്നിനൊന്ന് മധുരതരം. “ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം ” എന്ന ഗാനം നനുത്ത സ്വരസഞ്ചാരങ്ങൾ കൊണ്ട് ഏത് ഗായകനും വെല്ലുവിളിയുയർത്തി.
ഭക്തരും യുക്തിവാദികളും ഈശ്വരദ്വേഷികളുമെല്ലാം ഒരുപോലെ ഈ ഈണങ്ങളുടെ ആരാധകരായി. രുദ്രാക്ഷമാല, ശരണമഞ്ജരി , പ്രദക്ഷിണം, നവനീതം, മണ്ഡലപൂജ, ശരണ മന്ത്രം, ഉദയാസ്തമനം തുടങ്ങി 17 ആൽബങ്ങൾ. യേശുദാസിനെയും ജയചന്ദ്രനെയും കൂടാതെ ചിത്ര, വേണുഗോപാൽ , സുജാത തുടങ്ങിയവരെല്ലാം ആ ഈണങ്ങളെ ഗാനങ്ങളായി അവതരിപ്പിച്ചു. ക്ഷേത്ര പരിസരങ്ങളിൽ ആ സംഗീതം 1981 മുതൽ ഭക്തിരസമൊഴുക്കിത്തുടങ്ങി. ഇരുന്നുറോളം ഗാനങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരെ ആരാധകരാക്കിയ സംഗീതകാരൻ, വരികളുടെ ആത്മാവ് ഉയിർക്കൊള്ളുന്ന ഈണങ്ങൾക്ക് ജീവൻ നൽകിയ പി.കെ. കേശവൻ നമ്പൂതിരി ഓർമ്മകളുടെ ഈണത്തിലലിഞ്ഞു, ഗാന ശരീരനായി അനേകായിരം വർഷങ്ങൾ ജീവിക്കാൻ.