'ഇത് മോശം കാര്യമല്ല. എന്റെ കൂട്ടുകാർ ഇതിനെ പറ്റി എന്തോ മോശം എന്ന നിലയിലാണ് സംസാരിക്കുന്നത്. ഒരു ക്യാമ്പിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെ എന്താണ് ആർത്തവമെന്ന് പറഞ്ഞുതന്നു. ആൺകുട്ടികൾക്കിടയിൽ ഇതിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. അവർ വിചാരിക്കുന്നതെല്ലാം തെറ്റാണെന്ന് ഞാൻ പറയാൻ പോവുകയാണ്''- എട്ടാം ക്ലാസുകാരൻ പറയുന്നു. 'ഇപ്പോ എനിക്കറിയാം. പെൺകുട്ടികളിലെ ആർത്തവം ഒരു പ്രകൃതിപരമായ കാര്യമാണ്. അതിനെ കുറിച്ച് മോശം ധാരണകൾ വേണ്ട' - പാഡ്മാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആൺകുട്ടി പറയുന്നു.
advertisement
വിദ്യാർഥികൾ ഇതിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയും തയാറാക്കി സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. 'ബോയ്സ് ഫോർ വോയിസ്' എന്നെഴുതിയ ബ്ലാക് ബോർഡാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ കാണുന്നത്. സാനിറ്ററി നാപ്കിന്റെ ചിത്രവും ഒരു വശത്തുണ്ട്. ആർത്തവം, ഭ്രഷ്ട് കൽപിക്കേണ്ട ഒന്നല്ല എന്ന് ബ്ലാക് ബോർഡിന്റെ ഒരു വശത്ത് എഴുതിയിട്ടുണ്ട്.
'ഇത്തരം വിഷയങ്ങളെ കുറിച്ച് പുരുഷന്മാരെ പഠിപ്പിക്കാതെ സ്ത്രീ ശാക്തീകരണം പൂർണമാകില്ല. ഇത് നേരത്തെ തുടങ്ങേണ്ടതായിരുന്നു'- സൊസൈറ്റിയുടെ സെക്രട്ടറി ആർ എസ് പ്രവീൺകുമാർ പറയുന്നു. ആർത്തവവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായുണ്ടാകുന്ന മാറ്റങ്ങൾ, ആർത്തവ ആരോഗ്യം, സുരക്ഷ, അവകാശങ്ങൾ, ബോധവൽക്കരണം എന്നിവയെല്ലാം പാഠ്യപദ്ധതിയിലുണ്ട്. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ക്യാമ്പിൽ പഠിപ്പിക്കുന്നു. ലീഡർഷിപ്പ്, പ്രശ്നപരിഹാരം, ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയം എന്നിവയെകുറിച്ചും ക്യാമ്പിൽ പഠിപ്പിക്കുന്നു. സമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ ഈ നടപടി തെലങ്കാനയിൽ പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
