ഇക്കഴിഞ്ഞ ജൂലൈ 21ന് ന്യൂനപക്ഷ മന്ത്രാലയം ഈ വിഷയം സംബന്ധിച്ച് ആന്ധ്രാ സർക്കാരിന് കത്തയച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ പ്രമേയം വിദ്വേഷ പ്രചരണത്തിന് വഴിയൊരുക്കുമെന്നും രാജ്യത്തുടനീളം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞിരുന്നത്. വിവിധ വഖഫ് ബോര്‍ഡുകള്‍ അഹമ്മദീയ സമൂഹത്തിനെതിരെ പ്രമേയങ്ങള്‍ പാസാക്കുകയും സമുദായം ഇസ്ലാമില്‍ ഉള്‍പ്പെട്ടതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് അഹമ്മദീയ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ജൂലൈ 20നാണ് കത്തയച്ചത്.
Also read-Muharram 2023 | എന്താണ് ആഷൂറ? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?
advertisement
അതേസമയം അഹമ്മദീയർ മുസ്ലീങ്ങളല്ല എന്ന് പ്രസ്താവിക്കുന്ന പ്രമേയം തങ്ങള്‍ പാസാക്കിയിട്ടില്ലെന്നാണ് ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന്റെ വിശദീകരണം. അഹമ്മദീയ സമുദായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും സംസ്ഥാനത്തില്ലെന്നും വഖഫ് ബോര്‍ഡ് വിശദീകരിച്ചു. വഖഫ് ബോര്‍ഡ് ഇത്തരമൊരു പ്രമേയം പാസാക്കിയെന്നാരോപിച്ച് അഹമ്മദീയ നേതാവായ സദര്‍ അഞ്ജുമാന്‍ അഹമ്മദിയയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. ആരോപണത്തെ പിന്താങ്ങുന്ന ഒരു കത്തും ഇതോടൊപ്പം സദര്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ആന്ധ്രാ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കാര്യ മന്ത്രാലയം രംഗത്തെത്തിയത്.എന്നാല്‍ തങ്ങള്‍ അഹമ്മദീയർക്കെതിരെ പ്രമേയം പാസാക്കിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ആന്ധ്രാ വഖഫ് ബോര്‍ഡിന്റെ പ്രതികരണം.
” എല്ലാ രേഖകളും ഞങ്ങള്‍ പരിശോധിച്ചു. ആരോപണത്തില്‍ പറയുന്നത് പോലുള്ള പ്രമേയം ഇതുവരെ പാസാക്കിയിട്ടില്ല. എന്നാല്‍ ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന് മുമ്പ് ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. 2012ലായിരുന്നു അത്. ഇതുസംബന്ധിച്ച് ഒരു റിട്ട് പരാതി തെലങ്കാന ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ആ വിഷയം സംബന്ധിച്ച എല്ലാ രേഖകളും നിലവില്‍ തെലങ്കാന സംസ്ഥാനത്തിന്റെ പരിധിയിലാണ്,’ എന്നും ആന്ധ്രാ വഖഫ് ബോര്‍ഡ് സിഇഒ ഖാദിര്‍ പറഞ്ഞു. അഹമ്മദീയ-ഖാദിയാന്‍ സമുദായത്തിന്റെ പേരിലുള്ള ഒരു സ്ഥാപനവും ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന് കീഴില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് അഹമ്മദീയർ?
ഇന്ത്യയിലെ പഞ്ചാബിൽ അമൃത്സറിനടുത്തുള്ള ഖാദിയാനിൽ 1889-ൽ മിർസ ഗുലാം അഹമ്മദാണ് അഹമ്മദി പ്രസ്ഥാനം സ്ഥാപിച്ചത്. ജർമൻ മാധ്യമമായ ഡച്ച് വെല്ലെ (DW) പറയുന്നതു പ്രകാരം, ഗുലാം അഹ്മദ് സ്വയം ഒരു പ്രവാചകനും പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായിയും ആയാണ് സ്വയം കരുതിയിരുന്നത്. “മതയുദ്ധങ്ങൾ അവസാനിപ്പിക്കാനും രക്തച്ചൊരിച്ചിലിനെ അപലപിക്കാനും ധാർമ്മികത, നീതി, സമാധാനം എന്നിവ പുനഃസ്ഥാപിക്കാനും” തങ്ങളുടെ സ്ഥാപകനെ ദൈവം അയച്ചതാണെന്ന് അഹമ്മദീയർ വിശ്വസിക്കുന്നതായി അഹമ്മദിയ മുസ്ലീം കമ്മ്യൂണിറ്റിയുടെ ഒരു വെബ്‌സൈറ്റിൽ പറയുന്നു.