രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഒരു ലക്ഷത്തോളം മിനി ലഡുകൾ തയ്യാറാക്കി അയോധ്യയിലേക്ക് അയക്കും. ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പരിപാടിയിൽ പങ്കെടുക്കുനായി എത്തുന്നവർക്ക്, ഭക്തർ പവിത്രമായി കരുതുന്ന ഒരു ലഡു വിതരണം ചെയ്യാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് ഓഫീസർ ധർമ റെഡ്ഡി അറിയിച്ചു.
സാധാരണയായി, തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രസാദമായാണ് ഈ ലഡു വിതരണം ചെയ്യുന്നത്. ഈ ലഡുവിന് 176 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും. അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡുവിന് 25 ഗ്രാം ഭാരമുണ്ടായിരിക്കും എന്നാണ് വിവരം.
advertisement
തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിക്ക് സമർപ്പിക്കുന്ന പവിത്രമായ പ്രസാദങ്ങൾ തയ്യാറാക്കുന്ന അടുക്കളയിൽ വെച്ചു തന്നെയാകും അയോധ്യയിലേക്കുള്ള ലഡുകളും തയ്യാറാക്കുക. “ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി പ്രത്യേകമായി ഒരു ലക്ഷം ലഡു തയ്യാറാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് പൂർത്തിയായാൽ ഞങ്ങൾ അവ ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലത്തേക്ക് അയയ്ക്കും. ഭഗവാൻ ബാലാജിയുടെ വിശുദ്ധ പ്രസാദം അയോധ്യയിലേക്ക് അയക്കുന്നത്, ഈ ചടങ്ങിൽ പങ്കെടുക്കാനുള്ള അഭിമാനകരമായ അവസരമായി ഞങ്ങൾ കരുതുന്നു,” ധർമ്മ റെഡ്ഡി പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം നടക്കും.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ആയിരക്കണക്കിന് പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‌ലി എന്നിവർക്കും ക്ഷണമുണ്ട്.