”മലയാള ബ്രാഹ്മണൻ ആരാണ് എന്ന് എന്നതിന്റെ നിർവചനം എവിടെയുമില്ല. ഇതേക്കുറിച്ച് ആധികാരികമായ ഒരു രേഖയുമില്ല. അതിനാൽ, ഇക്കാര്യത്തിൽ ആദ്യം തീരുമാനം ഉണ്ടാക്കണം. എന്നാൽ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിക്ക് അത് തീരുമാനിക്കാൻ കഴിയില്ല. അത് സിവിൽ കോടതിക്ക് വിടണം”, അമിക്കസ് ക്യൂറി പറഞ്ഞു.
മലയാള ബ്രാഹ്മണർ എന്നത് ഒരു മതവിഭാഗമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ശബരിമല ഒരു പ്രത്യേക വിഭാഗത്തിനുള്ള ക്ഷേത്രമല്ലെന്നും ഭരണഘടനയുടെ 25 (ബി) അനുച്ഛേദം അനുസരിച്ച്, മേൽശാന്തികൾ മലയാള ബ്രാഹ്മണനായിരിക്കണമെന്നുള്ള മാനദണ്ഡം മതപരമായ ആചാരത്തിന്റെ കീഴിൽ വരുന്നതല്ലെന്നും ഹർജിക്കാർ വാദിച്ചു.
advertisement
എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശബരിമല ക്ഷേത്രമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ വാദിച്ചു. ഈ 1250 ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നിയമിക്കുന്ന രീതി ശബരിമലയുടെ കാര്യത്തിൽ സ്വീകരിക്കാനാകില്ല. മറ്റ് ക്ഷേത്രങ്ങളിൽ റിക്രൂട്ട്‌മെന്റ് കഴിഞ്ഞാൽ മേൽശാന്തിമാർ ദേവസ്വം ബോർഡിൽ സ്ഥിരം ജീവനക്കാരായി മാറും. ശബരിമലയിലെ മേൽശാന്തി ഒരു കരാർ നിയമനമാണ്. നിയമനശേഷം ഒരു വർഷം കഴിഞ്ഞാൽ കരാർ അവസാനിക്കും. മേൽശാന്തിമാർക്ക് ശമ്പളവും നൽകുന്നില്ല, പകരം പ്രതിമാസം 25,000 രൂപ ഓണറേറിയമാണ് നൽകുന്നത് എന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു.
ശബരിമല തന്ത്രിയുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം മാത്രമേ ഹർജിയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു. ശബരിമല മേൽശാന്തിയെ ആചാരപരമായി മേൽശാന്തിയെ സ്ഥാനത്തേക്ക് നിയമിക്കുന്നത് തന്ത്രിയാണ്. അദ്ദേഹമാണ് ശ്രീകോവിലിനുള്ളിൽ വെച്ച് മേൽശാന്തിക്ക് മൂലമന്ത്രവും ധ്യാനവും പറഞ്ഞുകൊടുക്കുന്നത്. അതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ തന്ത്രിയുടെ അഭിപ്രായം നിർണായക പങ്കു വഹിക്കുന്നുണ്ട്. ഈ വിഷയത്തിൽ, തന്ത്രിക്കു പറയാനുള്ളത് എന്താണെന്ന് കേൾക്കണം എന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു.
ടിസിഎച്ച്ആർഐ (TCHRI) നിയമത്തിലെ സെക്ഷൻ 15 പ്രകാരം, ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാതെയുള്ള ക്ഷേത്രനടത്തിപ്പിന് ദേവസ്വം ബോർഡ് നിയമപരമായി ബാധ്യസ്ഥരാണ്. അതിനാലാണ് മേൽശാന്തി തസ്തിക മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തിരിക്കുന്നത്. ടിസിഎച്ച്ആർഐ നിയമം പ്രാബല്യത്തിൽ വന്നതു മുതൽ ഈ ആചാരം തുടർന്നുപോരുന്നതാണെന്നും അവ പാലിക്കാൻ ബോർഡിന് കടമയുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.