'ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം'; മന്ത്രി വി അബ്ദുറഹിമാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി. ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേർ. 19524 പേർ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽ നിന്ന് 11000 ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു.
അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നു. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുന:പ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇത്തവണ കരിപ്പൂരാണ് സംസ്ഥാനത്തെ മുഖ്യ പുറപ്പെടൽ കേന്ദ്രം. ഇതനുസരിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ നല്ല നിലയിൽ ഏർപ്പെടുത്തി വരികയാണ്. എമ്പാർക്കേഷൻ പോയിന്റുകളായ കണ്ണൂരും കൊച്ചിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 02, 2023 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം'; മന്ത്രി വി അബ്ദുറഹിമാൻ