അതേസമയം ശബരിമലയിലേക്കുള്ള തീർഥാടകരുടെ വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. ഇതോടെ തീർഥാടകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്ക് വർദ്ധിച്ചതാണ് വാഹനങ്ങൾ തടയാൻ കാരണമെന്ന് പൊലീസ് പറയുന്നു. തിരക്ക് കുറയുന്നതിന് അനുസരിച്ച് വാഹനങ്ങൾ കടത്തിവിടുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ അഞ്ച് മണിമുതൽ തന്നെ തീർഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. ഇതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ തീർഥാകർ വലഞ്ഞു.
advertisement
എന്നാൽ കുടുങ്ങിക്കിടക്കുന്ന ശബരിമല തീർഥാടകർക്ക് അടിയന്തര സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി പ്രശ്നത്തിൽ ഇടപെട്ടത്.
കുടുങ്ങിക്കിടക്കുന്ന തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലേക്ക് വരുന്ന തീർഥാടകർ 14 മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് അറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
തീർഥാടകരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ പേർ ശബരിമലയിൽ ദർശനം നടത്തി.